വേണം പുതിയ യുവശക്തി ?


വേണം മറ്റൊരു കേരളം? എന്ന പരിഷത്തിന്റെ മുദ്രാവാക്യം പ്രവൃത്തിപഥത്തിലെത്തുമ്പോള്‍ അവിടെ യുവസമിതി എന്ന ആശയത്തിനും സംഘത്തിനും വലിയ പ്രാധാന്യമാണുള്ളത്‌. 2014 ആഗസ്‌ത്‌ മാസത്തിലെ സംസ്ഥാനക്യാമ്പോടെ അതിന്റെ ദര്‍ശനതലം മെച്ചപ്പെടുത്താനുള്ള വലിയൊരു സാധ്യതയാണ്‌ വന്നിട്ടുള്ളത്‌. അതിനാല്‍ ഇനിയുള്ള കാലം യുവസമിതി കൂട്ടുകാര്‍ ശക്തരായ ആശയപ്രചാരകരും സര്‍ഗ്ഗപ്രതിഭകളുമായിരിക്കും. ?ആശയം ജനങ്ങളേറ്റെടുക്കുമ്പോള്‍, അതൊരു ഭൗതികശക്തിയായിത്തീരും? എന്ന മാര്‍ക്‌സിയന്‍ നിരീക്ഷണം നമുക്ക്‌ യാഥാര്‍ത്ഥ്യമാക്കാനാകണം. എന്നാല്‍ മൂലധനപ്രതിലോമശക്തികള്‍ വിതച്ചു മുളപ്പിച്ച വിത്തുകള്‍ ഇന്നത്തെ സാമൂഹ്യന്തരീക്ഷത്തെ വിഷമയവും സങ്കീര്‍ണ്ണവുമാക്കിയിരിക്കുന്നു. മൂലധന-ഫാസിസ്റ്റ്‌ ചിന്തകള്‍ അരങ്ങുവാഴുന്ന ഈ കാലം യൗവ്വനതീക്ഷ്‌ണമായ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകള്‍ അനിവാര്യമാക്കുന്നു. ഈയൊരു ഘട്ടത്തില്‍ കേരളത്തിന്റെ കലാലയ-ഗ്രാമ-നഗര കേന്ദ്രങ്ങളില്‍ ഒരു നവസാംസ്‌കാരിക മണ്ഡലം തീര്‍ക്കാന്‍ നമുക്കാവണം.


അധിനിവേശങ്ങളെയും അധീശത്വങ്ങളെയും ചെറുക്കാനുള്ള ശേഷി നമ്മുടെ ചിന്താപദ്ധതികള്‍ക്കുണ്ടാകണം. സാമൂഹ്യബോധത്തിലധിഷ്‌ഠിതമായ വ്യക്തിബോധം എന്ന സൂത്രവാക്യം നിരന്തരമായി പാലിക്കപ്പെടാത്തിടത്താണ്‌ നമുക്ക്‌ കൂടുതല്‍ സംസാരിക്കേണ്ടി വരുന്നത്‌. ഒരു സാമൂഹ്യപ്രശ്‌നത്തെ അതിന്റെ വിശാലാര്‍ത്ഥത്തില്‍ കാണുമ്പോള്‍തന്നെ സൂക്ഷ്‌മാര്‍ത്ഥത്തില്‍ അതിനെ കാര്യകാരണബന്ധത്തോടെ വിശകലനം ചെയ്യാന്‍ നമുക്കാകണം. പൊതുരാഷ്ട്രീയ-സാമൂഹിക പരിതസ്ഥിതിയില്‍ ഒരു വ്യക്തിയുടെ മനശാസ്‌ത്രത്തിനുള്ള പങ്ക്‌ ചെറുതല്ല. നമ്മുടെ സൗഹൃദങ്ങള്‍ സര്‍ഗാത്മകമാകുന്നത്‌ പരസ്‌പരം പങ്കിടാനുള്ള അനേകം കാര്യങ്ങള്‍ നമുക്കുണ്ട്‌ എന്ന്‌ തിരിച്ചറിയുമ്പോഴാണ്‌. ചങ്ങാത്തത്തിന്റെ ചങ്ങാടങ്ങള്‍ ഒഴുക്കിനെതിരെയും കുറുകെയും ഒത്തൊരുമിച്ച്‌ സഞ്ചരിക്കാന്‍ നമ്മെ പ്രാപ്‌തരാക്കും. ഏതൊരു സംഘവും വെറും ആള്‍ക്കൂട്ടമാകുന്നത്‌ അവിടെ മറ്റു പ്രതിലോമ ചിന്തകള്‍ പിടിമുറുക്കുമ്പോഴാണ്‌. ഇങ്ങനെ നമുക്ക്‌ അത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാനാകും? ചിന്തയും ഉടപെടലുകളും നിരന്തരം പുതുക്കുന്ന ചലനാത്മകമായ, എപ്പോഴും സംവാദസജ്ജമായ ഒരു സംഘത്തിനേ അതിനെ ചെറുത്ത്‌ മുന്നേറാനാവൂ..എപ്പോഴും പരസ്‌പര സംവാദത്തിന്റെ ഒരു തുറസ്സ്‌ നമുക്ക്‌ തുറന്നിടാനാകണം...മനസ്സകം...വീട്ടകം..മുറ്റം...നാട്ടകം...എല്ലായിടത്തും അത്തരം തുറസ്സ്‌ ഒരുക്കാനാകണം..യുവസമിതി കൂടിയിരിപ്പുകള്‍ ചങ്ങാതിമാരുടെ വീടിനെയും വീട്ടുകാരെയും ജീവിക്കുന്ന ചുറ്റുപാടിനെയും ഉള്‍പ്പെടുത്തിയുള്ളതാകണം...


യുവതയുടെ പൊതുപ്രവര്‍ത്തനജീവിതത്തില്‍ ശക്തമായ സൗഹൃദത്തിനും ഒപ്പം വന്നുചേരാവുന്ന ഒന്നാണല്ലോ പ്രണയം. ഇതിനെ നമ്മളെങ്ങനെ സമീപിക്കും? പഴയകാല മൂല്യബോധങ്ങളോട്‌ ശൃംഗരിക്കുന്ന പലര്‍ക്കും പ്രണയത്തെ ഒരു പ്രതിസന്ധിയായേ കാണാനാകൂ. അത്തരം സാഹചര്യങ്ങളിലൊക്കെയും പഴയമൂല്യബോധത്തോട്‌ നമുക്ക്‌ കലഹിക്കേണ്ടി വരും. പ്രണയം സാധ്യമാണ്‌, അതൊരു സാധ്യതയുമാണ്‌ എന്ന പുതിയകാല പുരോഗമന രാഷ്ട്രീയ മുദ്രാവാക്യത്തെ ഇല്ലായ്‌മ ചെയ്യാനുള്ള ഷണ്ഡത്വം നമുക്കുണ്ടാകാതിരിക്കട്ടെ. രണ്ടുപേര്‍ തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ ജീവിതാന്വേഷണങ്ങളെ സഹജതയയോട്‌ കൂടി സമീപിക്കാന്‍ നമുക്കാവണം..
സംഘടനാപ്രവര്‍ത്തനത്തിലൂടെ ഊര്‍ജ്ജം കണ്ടെത്താനും മികച്ച അനുഭവമാക്കാനും നമുക്ക്‌ സാധിക്കണം. കേരളസമൂഹത്തില്‍ ശാസ്‌ത്രബോധവും യുക്തിചിന്തയും പ്രസരിപ്പിക്കാനിറങ്ങുന്ന നമുക്ക്‌ കൃത്യമായ നിലപാടുകളുള്ള ഒരു നിലപാടുതറയാണ്‌ ഇന്നാവശ്യം.യുവസമിതി പുതിയൊരു സംഘടനയാകണോ അതോ മാറ്റമുള്‍ക്കൊള്ളുന്ന പുതിയൊരു സംഘമാകണോ എന്നതാണ്‌ ചോദ്യം. നിലവിലെ സാമൂഹ്യക്രമത്തിന്റെ പുനരുദ്ധാരണമാണല്ലോ നാം ആഗ്രഹിക്കുന്നത്‌? അതിനായി നിലവിലെ സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഇടപെട്ട്‌ കാര്യക്ഷമമാക്കാന്‍ നമുക്ക്‌ കഴിയണം. മികച്ച കേള്‍വിക്കാര്‍കൂടിയാകുന്നതോടെ യുവസമിതിക്ക്‌ തികച്ചും വ്യത്യസ്‌തവും പക്വവുമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനാകും. സ്വതന്ത്രമായ സംവാദസദസ്സുകളുണ്ടാക്കുന്നതിലൂടെ ഏറെ പക്വമതികളായ പ്രവര്‍ത്തകരുണ്ടാകും. മറ്റു സംഘടനകളോടും സംഘങ്ങളോടുമുള്ള സ്വതന്ത്രമായ സംവാദാത്മകത നമുക്ക്‌ നിലനിര്‍ത്താനാകണം.
ഔപചാരികവും അനൗപചാരികവുമായ കൂടിയിരിപ്പുകളൊക്കെയും വൈവിധ്യമാര്‍ന്ന ശില്‍പ്പശാലകളാക്കുന്ന നമ്മുടെ ശൈലി തികച്ചും മാതൃകാപരവും, സമ്പന്നമായൊരു പുതുതലമുറയെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നതുമാണ്‌. സര്‍ഗാത്മകയുവത്വത്തിന്റെ നെരിപ്പോടുമായ്‌ സാമൂഹിക-രാഷ്ട്രീയ-അക്കാദമിക്‌ മണ്ഡലങ്ങളെ നിര്‍ണ്ണയിക്കാന്‍ പ്രാപ്‌തിയുള്ള ഉയര്‍ന്ന ശാസ്‌ത്രബോധവും യുക്തിചിന്തയും പ്രസരിപ്പിക്കുന്ന മികച്ച മനുഷ്യരാകാന്‍ യുവസമിതി കൂട്ടുകാര്‍ക്ക്‌(നമുക്ക്‌) സാധിക്കട്ടെ....

-പ്രജീഷ്‌ കാവനൂര്‍

0 comments:

Post a Comment