പെൺബുദ്ധി പക്ഷേ, പെൺപള്ളിക്കൂടത്തിന് വല്ലാത്തൊരു തരക്കേടുമെന്ന് വിലാസിനി കണ്ടു. പഠിക്കാൻ മിടുക്കരെയാണ് അദ്ധ്യാപകമാർക്കേറ്റവുമിഷ്ടം. പൊതുവിൽ അദ്ധ്യാപികമർക്ക് അങ്ങനെയല്ല. കുട്ടിയുടെ അച്ഛന്റെ ഉദ്യോഗം, ആഭരണം, സൗന്ദര്യം, ഇതിലൊക്കെയാണ് ആദ്യത്തെ നോട്ടം. ബുദ്ധിശക്തിക്കും പഠന സാമർത്ഥ്യത്തിനും രണ്ടാം സ്ഥാനമേയൊള്ളൂ. വിദ്യാർത്ഥിനികളും അങ്ങനെതന്നെ. കാണാൻ ചന്തമുള്ള, മോടിയായി അണിഞ്ഞൊരുങ്ങുന്ന, അധ്യാപികയോടാണ് അവർക്ക് കൂടുതൽ ആദരവും സ്നേഹവും.


വിലാസിനി നിസ്സാര ഭാവത്തിൽ ചിരിച്ചല്ലാതെ ഒന്നും മിണ്ടിയില്ല്ല. വിജയൽക്ഷ്മി പറഞ്ഞു. "ചിരിക്കണ്ട; ചിരിക്കാനുള്ള കാര്യമല്ല ഇത്. സമൂഹത്തിനോടും വീടിനോടും ആചാരങ്ങളോടും സ്ത്രീ ശക്തിയായി കെട്ടിപ്പിണഞ്ഞ് കിടക്കുകയാണ്. പുരുഷനങ്ങനെയല്ലാതാനും. അതുകൊണ്ട് വ്യക്തി എന്ന നിലയിൽ ഉയരാനിടം കൊടുക്കുന്ന - പ്രേരിപ്പിക്കുന്ന - തീഷ്ണബുദ്ധി, സ്ത്രീകൾക്ക് അനാവശ്യം മാത്രമല്ല ഉപദ്രവും കൂടിയാണ് - അവനവനും അന്യർക്കും."

"ഒരു പക്ഷേ വളറെ ഉയർന്ന സാംസ്കാരിക മണ്ഢലത്തിൽ ജനിച്ചാൽ..."

"എവിടെ ജനിച്ചാലും സ്ത്രീക്ക് ബുദ്ധി വേണ്ടെന്നും ഇല്ലെന്നും ഉള്ള വിശ്വാസം ഉറച്ചുപോയി. ഗൃഹഭരണം, പരദൂഷണം, വേഷാലങ്കരണം ഇതിനൊക്കെ എന്തു ബുദ്ധി വേണം? തലച്ചോറുള്ള സ്ത്രീ, നിയമമല്ല, അപവാദമാണ്."

(1951 ൽ കെ.സരസ്വതിയമ്മ എഴുതിയ പെൺബുദ്ധി എന്ന കഥയിൽ നിന്നും അടർത്തിയെടുത്ത ഏതാനും വരികൾ. കടപ്പാട്: ഗ്രന്ഥാലോകം ജനുവരി 2013)

0 comments:

Post a Comment