ഞാന്‍ നുജൂദ്, വയസ്സ് 10, വിവാഹമോചിത

   
നുജൂദും വക്കീല്‍ ഷാദാ നസീറും

      'എനിക്കു പ്രായമാകുമ്പോള്‍ ഞാന്‍ ഷാദയെപ്പോലെ ഒരു വക്കീലാകും. എന്നെപ്പോലെയുള്ള മറ്റു ചെറിയ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. എനിക്കു സാധിക്കുമെങ്കില്‍, ഞാന്‍ നിര്‍ദ്ദേശിക്കും, പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന്. അല്ലെങ്കില്‍ ഇരുപതോ ഇരുപത്തിരണ്ടോ. വിശുദ്ധനബി ഐഷയെ ഒമ്പതാം വയസ്സില്‍ വിവാഹം കഴിച്ചു എന്നിനി അബ്ബ പറയുമ്പോള്‍ അത് തെറ്റാണെന്നു പറയാനുള്ള ധൈര്യം ഞാന്‍ കാണിക്കും.

           വിവാഹിതരായി രണ്ടു മാസത്തിനുശേഷം ഒറ്റയ്ക്ക് കോടതി വരാന്തകള്‍ കയറിയിറങ്ങി വിവാഹമോചനം നേടിയ ഒമ്പതുവയസ്സുകാരി നുജൂദ് അലി ഡെല്‍ഫിന്‍ മിനോയിയുടെ ആത്മകഥയില്‍ എഴുതിയ വാക്കുകളാണിവ. കേരളത്തില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന സര്‍ക്കുലറിനെക്കുറിച്ച് ചര്‍ച്ച നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ നുജൂദ്, വയസ്സ് 10, വിവാഹമോചിത എന്ന ആത്മകഥ ആഗോള തലത്തില്‍ ചര്‍ച്ചയാവുകയും അഭിനന്ദനമര്‍ഹിക്കുകയും ചെയ്യുന്നത്. നുജുദിന്റെ വിവാഹമോചനത്തോടെ യമന്‍ സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 15-ല്‍ നിന്നും 17 ആയി ഉയര്‍ത്തി.

           തുടര്‍ച്ചയായ യുദ്ധങ്ങള്‍കൊണ്ടും കലാപം കൊണ്ടും ദാരിദ്ര്യത്തിലായ യമനിലെ ഖാര്‍ഡ്ജി എന്ന ഗ്രാമത്തില്‍ ഉമ്മയുടെ പതിനഞ്ചാം പ്രസവത്തിലൂടെയാണ് നുജൂദ് ജനിക്കുന്നത്. 2008 ഫെബ്രുവരിയിലായിരുന്നു 9 വയസ്സ് മാത്രം പ്രായമുള്ള നുജൂദിന്റെ വിവാഹം. ഫൈസ് അലി താമര്‍ എന്ന31 വയസ്സുള്ള അവളുടെ ഭര്‍ത്താവ് അവളെ ആദ്യരാത്രിയില്‍ തന്നെ അവളെ അതിക്രൂരമായി ബലാത്സംഗം ചെയ്യുന്നു. രാത്രികളില്‍ അയാളെപ്പേടിച്ച് വീടിനുചുറ്റും ഓടുന്ന പിഞ്ചുകുഞ്ഞിനെ കത്തികാട്ടി പേടിപ്പിച്ചും വടിയെടുത്ത് ക്രൂരമായ് മര്‍ദ്ദിച്ചുമാണയാള്‍ കിടപ്പറയിലേക്ക് വലിച്ചിഴച്ചിരുന്നത്.
നുജൂദും അനിയത്തിയും


         സമപ്രായക്കാരോടൊപ്പം കളിക്കാന്‍ മോഹിക്കുന്ന, ചോക്ലേറ്റും പാവകളും മോഹിക്കുന്ന അവളുടെ മനസ്സുല്‍ തന്നെ ഉപദ്രവിക്കുന്ന ഒരു വലിയ ഭൂതമായിരുന്നു അവളുടെ ഭര്‍ത്താവ്.

         ഒടുവില്‍ രണ്ട് മാസത്തിനുശേഷം വീട്ടില്‍ വിരുന്നു വന്ന നുജൂദ് റൊട്ടി വാങ്ങാന്‍ കൊടുത്ത ചില്ലറക്കാശും കൊണ്ട്, ബസ് കയറി, ടാക്സി പിടിച്ച് പോകുന്നത് കോടതിയിലേക്കാണ്. ഇളയമ്മ പറഞ്ഞ പ്രകാരം കോടതിയാണ് വിവാഹമോചനം നല്‍കുക എന്നൊരൊറ്റ അറിവു മാത്രമേ അവള്‍ക്കുണ്ടായിരുന്നൊള്ളൂ...

         കോടതിയില്‍ വെച്ച് കണ്ട അപരിചിതയായ സ്ത്രീയോട് അവള്‍ നിസ്സംശയം പറയുന്നു "എനിക്കു ജഡ്ജിയദ്ദേഹത്തെയൊന്നു കാണണം". സനാനയിലെ പ്രധാന ജഡ്ജി അബ്ദുല്‍ വഹീദ് അവളെ വീട്ടില്‍ താമസിപ്പിക്കുകയും ഷാദ നസീര്‍ എന്ന കരുത്തയായ വക്കീലിനെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ടൈംസ് പത്ര പ്രവര്‍ത്തകനായ ഹമീദും മറ്റെല്ലാ മാധ്യമങ്ങളും അവളെ പിന്തുണക്കുന്നു. ഭര്‍ത്താവിനേയും അച്ഛനേയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ഒടുവില്‍ ഏപ്രില്‍ 15, 2008-ന് കോടതി അവള്‍ക്ക് വിവാഹമോചനം നല്‍കുകയും ചെയ്യുന്നു.

         ദാരിദ്ര്യവും നിരക്ഷരതയും നിറഞ്ഞ യമനില്‍ നുജൂദിന്റെത് ഒറ്റപ്പെട്ട സംഭവമല്ല. മുക്കാല്‍ഭാഗം പെണ്‍കുട്ടികളും അനുഭവിക്കുന്ന ദുരന്തങ്ങള്‍ തുറന്ന് പറയാനും രക്ഷപ്പെടാനും ധൈര്യം കാണിച്ച പെണ്‍കുട്ടിയാണ് നുജൂദ്. നുജൂദിന്റെ ആത്മകഥ ഇന്നെല്ലാ ഭാഷകളിലേക്കും തര്‍ജ്ജമചെയ്യപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രായം കുറഞ്ഞ വിവാഹമോചിതയാണ് നുജൂദ്. ഈ പുസ്തക പ്രസിദ്ധീകരണത്തില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് അവളും അവളുടെ അനിയത്തിയും ഇപ്പോ പഠിക്കുന്നത്.

       സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ശബ്ദമായ നുജൂദിന്റെ ഈ പുസ്തകം മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കാന്‍ ആക്കാന്‍ ശ്രമിക്കുന്ന എല്ലാ പുരോഹിതന്മാരും ഉറപ്പായും വായിച്ചിരിക്കേണ്ടതാണ്.

   -ലിജിഷ . എ.ടി

2 comments:

ചിന്തിക്കാന്‍ ഭയമുള്ളവര്‍ വായിക്കാറില്ല, അവര്‍ വായിക്കാതിരിക്കാന്‍ തല്പരകക്ഷി കള്‍ വളരെ ശ്രദ്ധിക്കുന്നുണ്ട് ,ഭീഷണിയാണ് അതില്‍ പ്രധാനം. എന്റെ ബ്ലോഗ്‌ http://prabhakaradas.blogspot.in/

Post a Comment