പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍

മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം ...

പ്രതീക്ഷകളുടെ താഴ്വര തേടിയിറങ്ങുന്ന യൌവനം

2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു. രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും....

സദാചാരം

നമീനച്ചൂടു കഴിഞ്ഞാല്‍ പിന്നെ പാഴ്മരങ്ങളുടെ ശ്മശാനത്തില്‍ ഒരിടം ഏതു മാവിനുമുണ്ട്. പൂക്കാത്ത മാവിനെപ്പോഴും അവിടെ സ്ഥാനമുണ്ട്. ഇവിടെ മരങ്ങള്‍ പൂക്കാറില്ല പൂക്കുന്ന മരം സദാചാരം വെടിയുന്നതാണേ്രത എന്നൊരു സംശയം പൂക്കുന്ന മാവുകള്‍ക്ക് ...

സൃഷ്ടിയും സ്ഥിതിയും മാത്രം.....

ദൂരദര്‍ശനിലെ ജയ്ഹനുമാനില്‍ രാമലക്ഷ്മണന്മാരും സീതയും വനവാസത്തിനു പുറപ്പെടുന്ന രംഗത്തുവെച്ചാണ് ഞാനെന്റെ ഇഷ്ടക്കാരിയെ കണ്ടെടുക്കുന്നത്. എനിക്ക് അവളുടെ പേരായിരുന്നു- ഊര്‍മ്മിള... രാമലക്ഷ്മണന്മാരും സാതയും വനവാസത്തിനു പോയി... രാവണന്‍...

വാട്‌സപ്പ്

തിരക്കുകള്‍ക്കിടയിലെങ്കിലും നഗരം പൊതുവെ ശാന്തമായിരുന്നു. സ്വപ്‌നത്തിലെന്നവണ്ണം ഊറിയചിരികളും വിങ്ങിയ കരച്ചിലുകളും പൊട്ടാതെ നില്‍ക്കുന്ന പരിഹാസങ്ങളും ഒഴുകി ഒഴുകിപ്പോകുന്നു. തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. ചുമരില്‍ പരസ്യങ്ങളും പോസ്റ്ററുകളും ഇല്ലായിരുന്നു. സമരപ്പന്തലുകളില്‍...

Showing posts with label കവിതകൾ. Show all posts
Showing posts with label കവിതകൾ. Show all posts

സദാചാരം


മീനച്ചൂടു കഴിഞ്ഞാല്‍ പിന്നെ
പാഴ്മരങ്ങളുടെ ശ്മശാനത്തില്‍
ഒരിടം ഏതു മാവിനുമുണ്ട്.
പൂക്കാത്ത മാവിനെപ്പോഴും
അവിടെ സ്ഥാനമുണ്ട്.
ഇവിടെ മരങ്ങള്‍ പൂക്കാറില്ല
പൂക്കുന്ന മരം സദാചാരം
വെടിയുന്നതാണേ്രത എന്നൊരു സംശയം
പൂക്കുന്ന മാവുകള്‍ക്ക്
കല്ലേറു കൊള്ളും
പിശാചിനെ തേടിയെത്തും
ശാപക്കല്ലുകള്‍ പോലെ.


അടുക്കളരാഷ്ട്രീയം
ചെറിയ അചുക്കളകള്‍
അടച്ചുപൂട്ടി
വ്യായാമമുറിയാക്കുമ്പോള്‍
വലിയ അടുക്കളകള്‍
തുറന്നുകൊണ്ടേയിരുന്നു.
അപ്പോഴേക്കും
ശരീരത്തിന്റെ രാഷ്ട്രീയം
ഏറെ സങ്കീര്‍ണ്ണമായിരുന്നു.
അടുക്കളരാഷ്ട്രീയം
ശരീരരാഷ്ട്രീയത്തില്‍
ചെലുത്തിയ സ്വാധീനം
ഏറെ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍
ഒരു പ്ലീനം അത്യാവശ്യമാണ്.


- ദീപ.എം,
എം.എ സംസ്‌കാര പൈതൃകപഠനം,
മലയാളസര്‍വകലാശാല

അന്ധമായത്



  തോന്നലുകള്‍ ഉണ്ടാവാഞ്ഞിട്ടല്ല,  
പലതും പകുതിയില്‍  
മുറിഞ്ഞതിനാലാണ്. 

 -അജിത്ത്  

വെളിപാട്

നിന്നെ ജയിക്കുവാന്‍ വേണ്ടി മാത്രമാണ്
മറ്റെല്ലായിടങ്ങളിലും ഞാന്‍ തോറ്റതെന്ന്
ഈ ലോകത്തിനറിയില്ല , അതുകൊണ്ട് തന്നെ
പരാജിതർക്ക് ലോകം ദാനം പോലെ വെച്ചു നീട്ടുന്ന
മൂന്നുതവണ കോഴികൂവിയാ? നേരം കുറിക്കുന്ന
സഹതാപത്തിന്റെ മിച്ചഭൂമി എനിക്കാവശ്യമില്ല


എനിക്കുള്ളില്‍ അനശ്വരങ്ങളായ പര്‍വതങ്ങളുണ്ട്,
ജലാശയങ്ങളുണ്ട് , മരുഭൂമികളും മരുപ്പച്ചകളുമുണ്ട് ,
പെരുമഴയത്ത് മാത്രം സ്ഖലിക്കുന്ന, വെയില്‍
വെയില്‍ സ്പര്‍ശമേല്‍ക്കാത്ത ഉള്‍വനമുണ്ട്


എനിക്കുള്ളില്‍ ഭൂകമ്പങ്ങളുണ്ട് , കഴുത്തില്‍
ദുരിതത്തിന്റെ കുരുക്കിട്ട് , സ്വപ്നങ്ങളുടെ
കുങ്കുമപ്പാടം കയ്യേറുന്ന , വിശന്ന്
വിഷം തിന്ന് കണ്ഠം നീലിച്ച്
തലപെരുത്ത് ഉടലു ചുരുങ്ങിയ മനുഷ്യരുണ്ട്


എനിക്കുള്ളില്‍ അടിയൊഴുക്കുകളുണ്ട്
ഗതാഗതനിയമം മറന്ന് , ഇടം വല മാറി മാറി നടന്ന്
ഒടുവില ഉപയോഗിക്കുന്തോറും നീളം കുറയുന്ന
കുറ്റിച്ചൂലുള്ളില്‍ പേറുന്ന നിസ്സഹായതയുണ്ട്.


'അവനോ''അവളോ' ആകുവാന്‍ സാധിക്കാത്തതിലെ
ഉണ്മയെ അറിയാതെ , 'അത് ' മാത്രമായി
അഭിസംബോധന ചെയ്യപ്പെടുന്ന മനുഷ്യരുടെ അരക്ഷിതാവസ്ഥയുണ്ട്


ചിതല് തിന്നുന്ന ചിന്തകളില്‍ നിന്ന് വാക്കുകള്‍ പെറുക്കുമ്പോള്‍
ഒന്നെനിക്കറിയാം , ഉള്ളിന്നുള്ളിലെ ഞാനാണ് ഞാനെന്നും ,നീയെന്നും
നിന്നെ ജയിക്കുവാന്‍ വേണ്ടി മാത്രമാണ്
മറ്റെല്ലായിടങ്ങളിലും ഞാന്‍ തോറ്റതെന്നും

വിടരാത്ത ബാല്യം


ഒരു പൂമൊട്ടാണു ഞാന്‍
നിറവും മണവും പകര്‍ന്ന്
വിടരാന്‍ കൊതിക്കുന്ന
പനിനീര്‍മൊട്ടാണു ഞാന്‍
പൂപറിക്കുന്ന കൈകളില്‍
തറക്കേണ്ട മുള്ളുകള്‍ എന്നിന്‍
ദംഷ്ട്രകളായി പത്ച്ചപ്പോള്‍
ഞെട്ടി, വേഗം വിടരാനാഗ്രഹിച്ചു
മെല്ലെ കണ്‍തുറന്നു നോക്കവേ
കണ്ടു പലപല പുക്കളെ
എന്റെ തളിര്‍മേനിതന്‍ സ്വാദില്‍
കൊതിയൂറി ന്ില്‍ക്കും കാപാലികരേ
പോഷകമില്ലാതെ വിളറി ഞാന്‍
നിറവും മണവും പൊഴിക്കാതെ
കഠിനമാം സൂര്യന്റെ ചൂടില്‍
വിടരാതെ കൊഴുഞ്ഞു പോയി

                           - വിദ്യ

പ്രതിഷ്ഠ


ഏഴു വാതിലുകള്‍
ഏഴേഴു നാല്‍പ്പത്തൊമ്പതു
കാവല്‍ക്കാരെയും കടന്നെത്തി
ഞാനാ ശ്രീകോവിലിന്‍ മുന്നില്‍
പിന്നെയും
ഏഴേഴു വാതിലുകള്‍ തുറന്ന്
സ്വര്‍ണ്ണപലകമേല്‍ വജ്രതളിക-
യിലിരിക്കും പ്രതിഷ്ഠയെ
ഒരു കുഞ്ഞു മണല്‍ക്കൂനയെ
തൊഴുതു ഞാന്‍

                                 -ലിനീഷ്‌

പരിഹാരം


ആൺകുട്ടിയും പെൺകുട്ടിയും 'ആണും പെണ്ണു'മെന്ന്
വർഗീകരിക്കപ്പെടാതെ തിരിച്ചറിവുണ്ടായി വളരട്ടേ.
ഒരുമിച്ചിരുന്ന് കളിച്ചുപഠിച്ച് പരസ്പരം തണലാവട്ടേ.
സമാന്തരമായപാതയിലൂടെ ലക്ഷ്യത്തിലേക്ക് നടക്കുമ്പോൾ-
ഇടറിവീഴുമ്പോഴും തളരുമ്പോഴും പരസ്പരം
കൈകോർത്തുപിടിച്ച് ഒരുമിച്ചു നീങ്ങാൻ പഠിക്കട്ടേ...
ആണ് ആണാവട്ടേ. പെണ്ണ് പെണ്ണാവട്ടേ...
അവർ മനുഷ്യരാവട്ടേ...

ഈറ്റില്ലത്തിലേയ്ക്കുള്ള വഴിയിൽ


വീർത്ത വയറുകൾ താങ്ങി
എന്നക്കിണറുകളിൽ മഥനം നടത്തുന്ന
ഒറീസ്സയിലെ അമ്മമാർ

നേർത്ത ശരീരത്തിൽ
ശേഷിച്ച ഇറ്റുപാലിലെ വിഷമറിഞ്ഞ
ഭൂമിയിലെ അമ്മമാർ

കോർത്തമാലയിൽ മുത്തുപോരാഞ്ഞ്
മക്കളുടെ ചിരിമുത്തുകോർത്തണിഞ്ഞ
തെരുവിലെ അമ്മമാർ

ചാർത്തിയ മാല്യം കുരുങ്ങി ശ്വാസം വെടിഞ്ഞ
മക്കളുടെ കണ്ണീരണിഞ്ഞ
വീട്ടിലെ അമ്മമാർ

മൂർത്തമായ ഭ്രൂണങ്ങൾ
ലിംഗനീതിയറിഞ്ഞ്
സ്വയം ഇല്ലാതാവുന്നു

ചുറ്റിലും ഇവരുള്ളപ്പോൾ
ഈറ്റില്ലത്തിലേക്കുള്ള വഴിയിൽ
പേറ്റുനോവകറ്റാൻ വേദനസംഹാരി
മറ്റുവേണോ?

-ആതിരാ നന്ദൻ

പ്രണയം


'എനിക്ക് നിന്നെ ഇഷ്ടമാണ്. ഞാൻ നിന്നെ കല്ല്യാണം
കഴിക്കും'
"ഇല്ലെങ്കിൽ?"
"നിന്നെ തീവണ്ടിയിൽ നിന്ന് ഉന്തിയിട്ടോ, നിരത്തിൽ വെച്ച്
കത്തികൊണ്ട് കുത്തിയോ, വീട്ടിൽകേറി വന്ന് ബലാൽസംഗം
ചെയ്തോ ഞാൻ കൊല്ലും. കാരണം എനിക്ക് നീയില്ലാതെ ജീവിക്കാനാവില്ല."
"എങ്കിൽ...ഞാൻ നിന്നെ വെറുക്കുന്നു. കാരണം ഞാനില്ലാതെ നിനക്ക് ജീവി
ക്കാനാവില്ലെങ്കിൽ നീ ജീവിക്കേണ്ട. നിന്നോടൊപ്പം ജീവിക്കുന്നത് മുതൽ ഞാൻ മരിക്കും.
അത് കൊണ്ട് നീയെന്നെ കൊന്നോളോ..."

തിരിച്ചറിവ്


ആദ്യൻ നുണഞ്ഞ അമ്മിഞ്ഞപ്പാലിനാൽ
സ്ത്രീത്വം ഞാൻ തിരിച്ചറിഞ്ഞു
കുഞ്ഞുമനസ്സിന്റെ പൊട്ടിച്ചിരിയിലും
കൗമാരത്തിന്റെ അങ്കലാപ്പിലും
സ്ത്രീത്വം ഞാൻ തൊട്ടറിഞ്ഞു
പിന്നീട് എപ്പോഴോ പലപ്പോഴായി
പത്രത്താളുകളിലും, ദൃശ്യമാധ്യമങ്ങളിലും
പൊതുനിരത്തിലും റെയില്വെട്രാക്കിലും
ഇരുളിലും പകലിലും
സ്ത്രീ എന്തെന്നു ഞാൻ തിരിച്ചറിഞ്ഞു

-ദിവ്യശ്രീ. ആർ

ഫോട്ടോഫീച്ചർ


വിറങ്ങലിച്ച കൈതണ്ടകളിൽ
കുപ്പുവളപ്പൊട്ടുകൾ
ആഴത്തിൽ ചിരിച്ചു നീങ്ങിയിരുന്നു.
മെല്ലിച്ച കഴുത്തിലും ഒട്ടിയ അടിവയറ്റിലും
തണുത്ത കാലുകളിലും
ചുവന്ന ചന്ദ്രക്കലകൾ
വായപിളർത്തി നിന്നിരുന്നു.
വിളരിയ മുഖത്തൊരു
തേങ്ങലപ്പോഴും തങ്ങിയിരുന്നു...
ഒരു നിമിഷം എന്റെ ക്യാമറക്കണ്ണിനുനേർക്ക്
നീണ്ട വക്കുപൊട്ടിയ ചുണ്ടുകൾ
മന്ത്രിച്ചു; വെറുതെ വിടുക, ഇനിയെങ്കിലും

-സിതാര കെ.ജെ

കഥ


മെട്രോ നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുകളിൽ ഉയർന്നു
നിൽക്കുന്ന ഫ്ലക്സിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
'പൊന്നണിയിക്കാനല്ലെങ്കിൽ പിന്നെന്തിനാണ്
പെണ്ണ്.'


വീടിനടുത്ത വഴിയിലൂടെ അപരിചിതനായ പുരുഷൻ
കടന്നുപോയ നേരത്ത് ഗ്രാമത്തിലെ സ്ത്രീ തന്റെ
ഭർത്താവിനോട്;
'നോക്കീ. അത്ലേ ഒരു മനുഷ്യൻ പോയി.'

-അജിത്ത്

അങ്ങാടിക്കുരുവികൾ


പണ്ടുപണ്ട്
കുഞ്ഞുഷിമ്മീസിട്ട് ചില്ലറയും കൊണ്ട്
മിഠായിക്കുപ്പികൾ തേടി അങ്ങാടി തെണ്ടിയ കാലത്ത്
കണ്ടിരുന്നു നിറയെ...
അടക്കയോളം വലുപ്പത്തിൽ,
മിനുത്ത തൂവൾപ്പക്ഷികൾ,
തെണ്ടി നടപ്പ് ഷോപ്പിംഗായപ്പോൾ
തേടിയിരുന്നു അവയെ...
ചിലയ്ക്കുന്ന യന്ത്രക്കുരുവികൾ
കയ്യടക്കിയ ഷോപ്പിംഗ് മാളുകളുടെ
മിനുത്ത ഭിത്തിയിൽ ചിന്തകൾ
ചിതറിത്തെറിക്കുന്നു.!
ചോന്ന ബുക്കിലൊരു
കുഞ്ഞു കോളത്തിൽ
വംശനാശം വന്നവയായ്
എന്റെ അങ്ങാടിക്കുരുവികൾ
സ്റ്റഫ് ചെയ്യപ്പെടുന്ന കാലത്ത്
അവയെ സ്നേഹിച്ച ഹൃദയം ഞാൻ
ഫോർമാലിനിൽ സൂക്ഷിക്കുകയാണ്.



   -ലിജിഷ. എ.ടി

പരസ്യം


കണ്ടവരുണ്ടോ, കൊണ്ടുതരാമോ
തോട്ടിൻവക്കിലെ പൂകൈതപ്പൂ.
കഥയിലും കവിതയിലും മുടങ്ങാതെ പൂത്ത്,
നായികമാർക്കൊക്കെ
ഒടുക്കത്തെ ഗന്ധം കൊടുത്ത്
നായക്ന്മാരെയൊക്കെ ഭ്രാന്തെടുപ്പിച്ച പൂവ്!
തോട്ടുവക്കുകളും തോട്ടുവരമ്പുകളും
എമർജ് ചെയ്യുന്നതിനിടയിൽ
വംശനാശം വന്നുവെന്നു ഞാൻ കരുതുന്ന
പൂകൈതപ്പൂവ്!
തോടുകണ്ടാൽ നിൽക്കണം.
കൈതക്കാടു കണ്ടാൽ നോക്കണം.
പൂവുണ്ടേൽ പറിക്കണം.
atlijisha@gmail.com-ൽ
അറിയിക്കാൻ മനസുണ്ടാവണം.

അതിഥിദേവോ ഭവ:


വെളുത്ത തൂവലുവീശിയെന്നരികിൽ
ഒരു പക്ഷി വന്നെത്തി.
അവനുഞാനാതിഥേയത്വമരുളി,
അവൻ വൃന്ദാവനത്തിലെ കൃഷണനായി
നാടെങ്ങും സഖികളായി.'
സന്തതികൾ പെരുകി.

ഗോപുരമുകളിൽ നിന്നും
പെടുന്നനെയവ വേട്ടയാടാനിറാങ്ങി.
പൊഴിയുന്ന തൂവലുകളെന്റെ
നടത്തം മന്ദഗതിയിലാക്കി.
രക്ഷക്കു ഞങ്ങൾ തൂവലുകൾ കത്തിച്ചു.
ആ പുക ഞങ്ങളെ ശ്വാസം മുട്ടിച്ചു.

യുഗങ്ങൾക്കൊടുവിലൊരു
പേടകം ഒഴുകിയിറങ്ങി
പുറത്തിറങ്ങിയവർ മൂക്കു പൊത്തി
ഞൊടിയിടയിൽ അവർ തിരിച്ചു പറന്നു.

   -പ്രസീത

ദർശനം


എങ്ങും ഉരുൾപൊട്ടൽ! അതിവർഷം!
പ്രകൃതി ഇതുവരെ എടുത്തണിയാത്ത
ഒരു വേഷമെടുത്ത് ഉന്മാദ നൃത്തത്തിലാണ്...
ഒരു തിരയിലൂയലാടി, മഴത്തുള്ളികളുടെ താരാട്ടും
കാറ്റിന്റെ തഴുകലും ആസ്വദിച്ച്, വിരലുണ്ട്
രസിച്ചൊഴികിയൊഴികി കണ്ണനണഞ്ഞു..
ഓടിച്ചെന്നു കോരിയെടുത്തുമ്മ വച്ചു
പിന്നിൽ കുടച്ചൂടി നിന്ന അനന്തന്റെ ദംശനം
ആ പ്രളയജലത്തിൽ തളർന്നുവീണു മുങ്ങിത്താഴ്ന്നപ്പോഴും
ഒന്നേ നിനച്ചുള്ളൂ, കണ്ണിനെ കണ്ടല്ലോ!...

    -ആതിരാ നന്ദൻ
      ഇംഗ്ലീഷ് വിഭാഗം

ആണവം


എന്റെ രാജ്യം
ആണാവാൻ പോകുന്നു
തീ തുപ്പുന്നവൻ,
പുക യൂതുന്നവൻ
ആണവൻ

      -അജിത്.കെ
       നാലാം സെമസ്റ്റർ ഇംഗ്ലീഷ്

ചരട്


അവൾക്കും അവനും ഒരേ ആകാശം
അവന്റെ ആകാശത്തിൽ പറവകളും
അവളുടെ ആകാശത്തിൽ പട്ടങ്ങളും
അവൻ അനന്തതയെ കീഴടക്കിയപ്പോൾ
അവൾ പറവകളെ സ്വപ്നം കണ്ടു

    -അഞ്ജലി കൃഷ്ണൻ. പി.കെ
     രണ്ടാം വർഷ ബി.എസ്.സി. സുവോളജി

നക്ഷത്രത്തിന്റെ പ്രേതം

ഒരു താമര തൻ സ്വർണരേണുക്കളാൽ
ജീവനൂറുന്ന മൂത്തിൽ നിന്നും
ഉൾമിഴിക്കിളിയുടെ മോചനയാത്രയിത്.
കാഞ്ചനപ്പൂവിന്റെ കറുത്ത പുൽമേട്ടിൽ
ഉൾമിഴിക്കിളിയൊന്നു പകച്ചിരുന്നു.

കണ്ണീർക്കറ


കാലം ഇലപൊഴിക്കുമ്പോൾ...
മരച്ചില്ലകളിൽ നോവുണങ്ങിയ,
മുറിപ്പാടുകൾ കാണാം...
നിങ്ങൾ ഇല പറിക്കുമ്പോൾ...
നോവിന്റെ മുറിവുകളിൽ,
കണ്ണീർക്കറകൾ കാണാം...

--ഗുൽമോഹർ

ചിന്ത


രാമന്മാർക്കൊരു സ്കൂൾ
ജോസഫുമാർക്കൊരു സ്കൂൾ
മുഹമ്മദ്മാർക്കൊരു സ്കൂൾ
എന്നതിൽനിന്നും
രാമനും ജോസഫും മുഹമ്മദും
ഒന്നിച്ചിരുന്ന് പഠിച്ചു കളിച്ച്
ഓന്നാകുന്നൊരു പൊതു വിദ്യാലയം
അതാണു നമുക്കാവശ്യം

--ഗുൽമോഹർ