ഇന്നേ വരെയുള്ള ചരിത്രം his-story ആയിരുന്നു. അവനെഴുതിയ അവനെകുറിച്ചുള്ള ചരിത്രം. രാജാക്കന്മാരെ, യുദ്ധങ്ങളെ, പിടിച്ചടക്കലുകളെക്കുറിച്ചുള്ള ചരിത്രം. ഇന്നേവരെയുള്ള അധികാരത്തിന്റെ ഭാഷ പുരുഷന്റേതാണ്. അതിനെക്കുറിക്കുന്ന പദാവലികളാണ് ഉടനീളം. അവൾക്ക് പറയാനുള്ളാത് വേറെയാണ്. അതു പിടിച്ചടകക്ലുകളിൽ മുറിവേറ്റവളെക്കുറുച്ചുള്ളതാണ്. എഴ്ഗുതപ്പെട്ടവയിൽ നിന്ന് തിരസ്കൃതമായവയെപ്പറ്റി... അധികാര കൈമാറ്റങ്ങളും തിരഞ്ഞെടുപ്പുകളും അരങ്ങുതകർക്കുമ്പോഴും അകത്ത ഇരുട്ടിലിരുത്തപ്പെട്ടവളെപ്പറ്റി...
'എനിക്ക് ചോളമണികളായ് പൊട്ടി
വിടരാൻ കുറച്ചു പൊരിവെയില് തരൂ'
കവിതയുടെ പെൺ വഴികളിൽ ഡോണോ മയൂര എന്ന പുതുകവി ആവശ്യപ്പെടുന്നത് ഇത്തരമൊരു പൊരിവെയിലാണ്.
'അവളെ'ഴുതുമ്പോൾ നിലവിലുള്ള ഭാഷകൊണ്ട് തികയാതെ വരുന്നു.
പുതിയ അനുഭവങ്ങളുടെയും അനുഭൂതികളുടെയും പശ്ചാതലത്തിൽ 'അവൾക്ക് തുറന്ന് കിട്ടേണ്ടതുറസ്സിനെയാണ് അന്വേഷിക്കുന്നത്.
'എനിക്ക് പറയാനുള്ളത് ഒരു സമുദ്രമാണ്
അതിനെ എങ്ങനെ വാക്കുകളിൽ ഒതുക്കും'
എന്ന വിജയലക്ഷ്മിയുടെ കവിത നമ്മുടെ ഭാഷയിൽ പെണ്മയുടെ അനുഭവാവിഷ്കാരങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് ഓർമ്മപ്പെടുത്തുന്നു.,
'ഏറെക്കാലമായല്ലോ നീ സമുദ്രത്തെ തളക്കാൻ തുടങ്ങിയിട്ട്,
കയ്യിലെ കത്തുന്ന വാള് ഇനി എന്തിന്?
നീ കാണാത്ത പൂരങ്ങളില്ല,
കേൾക്കാത്ത പാടുകളില്ല,
പറക്കാത്ത ആകാശങ്ങളില്ല,
അറിയാനും പറയാനും
ഇനി നിനക്കെന്തുണ്ട് ബാക്കി?
നിനക്ക് വയസ്സായി
പക്ഷേ ഞാനിപ്പോൾ പിറന്നതേയുള്ളൂ
പറഞ്ഞു തുടങ്ങുന്നതേ ഉള്ളൂ
നടന്നുപഠിക്കുന്നതെയുള്ളൂ
ഇനി ഊഴം എന്റേതാണ്'
(ഗിരിജ പി. പാതെക്കര-പെൺപിറവി)
അധികാരം അവളുടേതുകൂടി ആകുമ്പോൾ അവൾ പറഞ്ഞും പ്രവർത്തിച്ചും തുടങ്ങുമ്പോൾ ഇന്നേ വരെയുള്ള പറച്ചിലിനെക്കാൾ ചെയ്തികളെക്കാൾ പുതുതും ആഴമുള്ളതുമായിരിക്കും അത്. മണ്ണിനോടും നിലനിൽപ്പിനോടും ഉള്ള നാം മനുഷ്യരുടെ സമീപനം പെണ്ണിന്റെ പുതു ഭാഷയ്ക്ക് മാറ്റാൻ കഴിഞ്ഞേക്കും. പാതിയാകാശത്തിനും പാതിഭൂമിക്കും പകുതി ചരിത്രത്തിനും ഉടമകളയവരെ ഉൾകൊള്ളുന്ന ആണും പെണ്ണും ഒരേപോലെ കൈകോർത്ത് ഉത്തരം തേടുന്ന ജീവിതാന്വേഷണങ്ങൾക്ക് / സമരങ്ങൾക്ക് ഇനിയുള്ള കാലത്തെങ്കിലും നമുക്ക ചെവിയോർക്കാം... *ഇനി അവൾ പറയട്ടേ*