പ്രണയത്തെ തിരിച്ചുപിടിക്കുക


ഒരു അന്താരാഷ്ട്ര വനിതാ ദിനം കൂടി. കായിക ബലമുള്ളവരും അധികാരമുള്ളവരും, സ്വാധീന ശക്തിയുള്ളവരും മാത്രം വിജയിക്കുന്ന അസുരമായ വ്യവസ്ഥിതിയിൽ സ്ത്രീ കൂടുതൽ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയൂന്നതിലെ രാഷ്ട്രീയത്തെപ്പറ്റി ചർച്ച ചെയ്യാൻ ഒരു ദിനം കൂടി. ഉള്ളു തുറന്നു ചിരിക്കാൻ, ഭയം കൂടാതെ സഞ്ചരിക്കാൻ, ആധുനികതയുടെ ഗുണഫലങ്ങൾ വിവേചനം കൂടാതെ അനുഭവിക്കാൻ, ആത്മീയാന്വേഷകയാവാൻ, ആത്മ സാക്ഷാത്കാരം നേടിയെടുക്കാൻ സ്ത്രീ പൊരുതേണ്ടി വരുന്നുണ്ടെങ്കിൽ മനുഷ്യസംസ്കാരത്തിന്റെ ഗതി മുമ്പോട്ടോ അതോ പിന്നോട്ടു തന്നെയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പ്രകൃതിയേയും സ്ത്രീയേയും വേർപ്പെടുത്തിക്കാണാത്ത 'ഇക്കോ ഫെമിനിസ'മെന്ന ആശയത്തെ മുറുകെ പിടിച്ചു പ്രവർത്തിച്ചു തുടങ്ങാൻ സന്മനസ്സുള്ളവർ ഇനി വൈകിക്കൂടാ. പെണ്ണിനെ ആക്രമിക്കുന്ന അവളെ ഭോഗ വസ്തുവാക്കുന്ന അതേ കമ്പോള തൃഷ്ണയാൽ തന്നെയാണ് നമ്മുടെ പുഴകളും, നീർത്തടങ്ങളും, പാടശേഖരങ്ങളും, കുന്നുകളും, നിർധനരുടെ ആവാസ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുകയും കീഴടക്കപ്പെടുകയും ചെയ്യുന്നത്. വ്യക്തികളായാലും അധികാര വർഗ്ഗമായാലും അന്ധമായ വികസന ത്വരയോടെ മാത്രം ചിന്തിക്കാൻ കഴിയുന്ന പുരുഷകേന്ദ്രീകൃത വ്യവസ്ഥയിൽ നിന്ന് ലോക മനസ്സാക്ഷിയെ ഉണർത്താനാകും വിധമാകണം സ്ത്രീ അവളുടെ സ്വന്തം ലോകത്തെപ്പറ്റി ചിന്തിക്കേണ്ടത്. ശക്തിയോടൊപ്പം ആർദ്രതയും നിറഞ്ഞതാവണം അവളുടെ സമീപന രീതികൾ. പുരുഷൻ പൊതുവെ അസ്വസ്ഥനും ആന്തരിക ദാരിദ്ര്യമനുഭവിക്കുന്നവനും, കമ്പോള സംസ്കൃതിയുടെ ചാപല്യങ്ങളിൽ എളുപ്പം പെട്ടുപോകാവുന്നവനുമാണെന്ന തിരിച്ചറിവോടെ, അലിവോടെ, സ്ത്രീക്കും പുരുഷനുമിടയിൽ, മനുഷ്യനും പ്രകൃതിക്കുമിടയിൽ, മനുഷ്യനും മറ്റുജീവജാലങ്ങൾക്കുമിടയിൽ പ്രണയത്തെ തിരിച്ചുകൊണ്ടുവരുവാൻ നമുക്കുണരാം. പ്രണയവും ആസക്തിയും ഒന്നല്ലെന്ന് നമ്മുക്ക് ലോകത്തെ മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്.

---ഡോ: ഖദീജാമുംതാസ്

0 comments:

Post a Comment