മാഷോട് ചോദിക്കാം

തൃശൂർ കാമ്പസ് ശാസ്ത്ര സമിതി ചങ്ങാതിമാർ പ്രൊഫ. കെ. പാപ്പുട്ടിയുമായി നടത്തിയ അഭിമുഖം




? അന്ധവിശ്വാസം എന്താണ്‌.
? തെളിവില്ലാത്ത എല്ലാവിശ്വാസങ്ങളെയും അന്ധവിശ്വാസം എന്നു പറയാറുണ്ട്‌. ?ഒരു മനുഷ്യന്‌ അന്ധവിശ്വാസം വരുന്നത്‌ നമുക്ക്‌ ഉത്തരം കിട്ടാത്ത പ്രശ്‌നങ്ങള്‍ വരുമ്പോഴാണ്‌. പ്രകൃതിയിലെ പല പ്രതിഭാസങ്ങളും ഉത്തരം കിട്ടാത്തതാണ്‌.? ജീവന്‍ എങ്ങനെ ഉണ്ടായി, പ്രകൃതി എങ്ങനെ ഉണ്ടായി... പണ്ടുകാലത്ത്‌ നീതി എങ്ങനെ ഉണ്ടായി എന്നൊന്നും അറിഞ്ഞിരുന്നില്ല. അത്‌ പ്രകൃതിയില്‍ കാണുന്ന കാര്യങ്ങളുടെ കാരണം തേടുന്നതിന്റെ ഭാഗമായി അഗ്നിദേവന്‍, കാറ്റിന്‌ ദേവന്‍ അങ്ങനെയുള്ള വിശ്വാസങ്ങളില്‍ അവര്‍ എത്തിച്ചേര്‍ന്നു. സയന്‍സ്‌ ചെയ്യുന്നതും അത്‌ തന്നെയാണ്‌. കാരണങ്ങള്‍ തേടുകയാണ്‌ സയന്‍സ്‌ ചെയ്യുന്നത്‌. അന്നത്തെ പരിമിതികള്‍ വച്ച്‌ അവര്‍ക്ക്‌ ശരിയായ വിശ്വാസങ്ങളില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല. ഇതിനെല്ലാം പിന്നില്‍ അവര്‍ക്ക്‌ നിയന്ത്രിക്കാനാവാത്ത ശക്തികളാണെന്നു അവര്‍ വിശ്വസിച്ചു.
കാലങ്ങള്‍ക്ക്‌ ശേഷം ഇവയ്‌ക്കൊക്കെ കാരണങ്ങള്‍ കണ്ടെത്താന്‍ നമുക്ക്‌ സാധിച്ചു. തീ ഉണ്ടാക്കാന്‍ സാധിച്ചു. കാറ്റ്‌, മഴ എന്നിവ ഉണ്ടാകുന്നത്‌ എങ്ങനെ എന്ന്‌ മനസ്സിലാക്കാന്‍ സാധിച്ചു. കാരണങ്ങള്‍ കണ്ടെത്തിയിട്ടും ഈ വിശ്വാസങ്ങള്‍ മാറ്റാന്‍ ചിലര്‍ തയ്യാറാല്ല. പൂജയ്‌ക്കും മറ്റും അഗ്നിയെ ദേവനായി കാണുന്നു.
ഇങ്ങനെ കാരണം കണ്ടെത്തിയിട്ടും മാറ്റാന്‍ തയ്യാറല്ലാത്ത വിശ്വാസങ്ങളെയാണ്‌ അന്ധവിശ്വാസം എന്നതുകൊണ്ട്‌ ഉദ്ധേശിക്കുന്നത്‌.
? നമ്മുടെ സമൂഹം നവോത്ഥാന കാലഘട്ടത്തിലൊക്കെ ഒരുപാട്‌ പുരോഗതി കൈവരിച്ചിരുന്നു. ഇപ്പോഴത്തെ കാലഘട്ടത്തില്‍ സമൂഹം കൂടുതല്‍ അന്ധവിശ്വാസങ്ങളിലേക്ക്‌ തിരിച്ചുപോവുന്നതായി തോന്നിയിട്ടുണ്ടോ.
? കുറേ തിരിച്ചുപോക്കുണ്ട്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം. മാത്രമല്ല ഒരുപാട്‌ പുതിയ അന്ധവിശ്വാസങ്ങള്‍ ഉണ്ടാവുകയും ചെയ്‌തു. അക്ഷയ തൃതീയ പോലുള്ളവ മുന്‍പ്‌ കേരളത്തില്‍ ഇല്ലായിരുന്നു. ദൈവത്തെ കച്ചവടച്ചരക്കാക്കി മാറ്റിയിരിക്കുന്നു. ഭക്തി വില്‍പന ചരക്കാക്കി മാറ്റിയിരിക്കുന്നു. പ്രകടനപരമായ ഭക്തിയാണ്‌ ഇന്ന്‌ പലരിലും. അത്‌ ഇപ്പോഴത്തെ ഭക്തിഗാനങ്ങളില്‍ പ്രകടമാണ്‌. പണ്ടത്തെ ഭക്തിഗാനങ്ങള്‍ വിശ്വാസമില്ലാത്തവര്‍പോലും കേട്ടുനിന്നുപോകും. അതില്‍ കവിതയുണ്ടായിരുന്നു. ഇന്നത്തെ ഭക്തിഗാനങ്ങള്‍ ഭൂരിപക്ഷവും മുദ്രാവാക്യത്തിന്റെ രീതിയിലാണ്‌. ദൈവത്തിന്‍ പര്യായ പദങ്ങള്‍ നിരത്തിയുള്ള വരികളാണ്‌ യഥാര്‍ത്ഥ ഭക്തി ഇല്ല എന്നതാണ്‌ ഇതില്‍നിന്നും മനസിലാകുന്നത്‌. എത്ര പേര്‍ പൊങ്കാല ഇട്ടു, ഭണ്‌ഡാരത്തില്‍ എത്ര കാണിക്ക ഇട്ടു, എന്നിങ്ങനെ പ്രകടനപരമായ രീതിയിലേക്ക്‌ മാറിയിരിക്കുന്നു. ദൈവത്തിന്‍ ശക്തിയെ മനുഷ്യന്‍ ഈ കാണിക്കുന്ന മണ്ടത്തരങ്ങളുമായി ബന്ധിപ്പിച്ചാണ്‌ ഇന്നു കാണുന്നത്‌.
? എന്താണ്‌ അക്ഷയ തൃതീയ.
? അക്ഷയ തൃതീയക്കു പിന്നില്‍ ഒരുപാട്‌ ഐതിഹ്യങ്ങള്‍ ഉണ്ട്‌. ഉദാഹരണത്തിന്‌ പരശുരാമന്റെ ജന്മദിനം, കുചേലന്‍ കൃഷ്‌ണനെ കാണാന്‍ പോയ ദിവസം, ലക്ഷ്‌മിദേവിയ്‌ക്ക്‌ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും വരം അന്നാണ്‌ ശിവന്‍ നല്‍കിയത്‌ എന്നൊക്കെ. യഥാര്‍ത്ഥത്തില്‍ അക്ഷയ തൃതീയ വളരെ വിചിത്രമാണ്‌. വൈശാഖമാസത്തില്‍ ചന്ദ്രകല കാണുന്ന മൂന്നാമത്തെ ദിവസമാണ്‌ അക്ഷയ തൃതീയ. നാലാം ദിവസം ചതുര്‍ത്തി ആണ്‌. മൂന്നാം ദിവസം വളരെ നല്ലതും നാലാം ദിവസം ഒന്നിനും കൊള്ളാത്തതാണെന്നു പറയുന്നു. ആകെയുണ്ടാകുന്ന വ്യത്യാസം എന്നുപറയുന്നത്‌ സൂര്യപ്രകാശം ചന്ദ്രനില്‍ തട്ടിവരുന്നതില്‍ അല്‌പം വ്യത്യാസം ഉണ്ടാകുന്നു എന്നുമാത്രമാണ്‌.


? അതിരാത്രത്തിനു പിന്നിലെ ശാസ്‌ത്രം എന്താണ്‌. പ്രകൃതിയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ അതിരാത്രത്തിനു കഴിയുമോ.
? അതിരാത്രം നടത്തിയതുകൊണ്ട്‌ നാടിന്‌ എന്തു നേട്ടമുണ്ടായി എന്ന്‌ ഇതുവരെ പറയാന്‍ അവര്‍ക്ക്‌ സാധിച്ചിട്ടില്ല. അതിരാത്രം കൊണ്ട്‌ എന്തുണ്ടാവും എന്ന്‌ പ്രവചിക്കാനും അവര്‍ക്ക്‌ സാധിച്ചിട്ടില്ല. അതിരാത്രം നടത്തിയതുകൊണ്ട്‌ മഴപെയ്യും എന്ന്‌ അവര്‍ വാദിക്കുന്നു. മകരമാസത്തിലും മറ്റും മഴ മുട്ടിനില്‍ക്കുന്ന സമയത്താണ്‌ ഇവര്‍ അതിരാത്രം നടത്തുന്നത്‌. അതും പശ്ചിമഘട്ട മലനിരകളോട്‌ അടുത്തു കിടക്കുന്ന പ്രദേശങ്ങളിലായിരിക്കും. അതിരാത്രപന്തല്‍ കത്തിക്കുമ്പോള്‍ ഉയര്‍ന്നു പൊന്തുന്ന micro particles ജലതന്മാത്രകള്‍ക്ക്‌ മഴതുള്ളി രൂപീകരിക്കാനുള്ള ന്യൂക്ലിയസ്‌ ഉണ്ടാക്കുന്നു.
? ഒരു വ്യക്തിയുടെ അന്ധവിശ്വാസം ഒരു സമൂഹത്തെ ദോഷകരമായി ബാധിക്കുന്നില്ലെങ്കില്‍ നമ്മള്‍ അതിനെ വെറുക്കേണ്ടതുണ്ടോ.
? അപ്പോഴും ഒരു പ്രശ്‌നമുണ്ട്‌. നമുക്കിനിയുള്ള വളര്‍ച്ചയെ സഹായിക്കേണ്ടത്‌ ശാസ്‌ത്രമാണ്‌. ശാസ്‌ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചോദ്യം ചെയ്യുന്ന ശീലമാണ്‌. ഏതൊക്കെ കാലത്താണോ അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്‌തുകൊണ്ട്‌ സമൂഹം ഉയര്‍ത്തെഴുന്നേറ്റിട്ടുള്ളത്‌, ആ കാലഘട്ടത്തിലാണ്‌ ശാസ്‌ത്രത്തിന്‌ വളര്‍ച്ചയുണ്ടായിട്ടുള്ളത്‌. ഉദാഹരണത്തിന്‌ പ്രാചീന ഗ്രീസില്‍ ജനാധിപത്യമുണ്ടായി, ആരേയും ചോദ്യം ചെയ്യാമെന്ന അവസ്ഥ വന്നപ്പോഴാണ്‌ ശാസ്‌ത്രവും കലകളും വളര്‍ന്നത്‌. ശാസ്‌ത്രമായാലും കലകളായാലും അതിനൊക്കെ ഉണ്ടാകുന്ന ഒരു സാമൂഹ്യ അന്തരീക്ഷമുണ്ട്‌, ചോദ്യം ചെയ്യുന്ന ഉണര്‍ന്നിരിക്കുന്ന ഒരു മനുഷ്യന്‍. അന്ധവിശ്വാസങ്ങള്‍ ഇങ്ങനെയുള്ള മനുഷ്യരെയാണ്‌ ഇല്ലാതാക്കുന്നത്‌. അതുകൊണ്ട്‌ അന്ധവിശ്വാസം സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വിരുദ്ധമാണ്‌.
? സത്യസായിബാബയെപോലുള്ള ആളുകള്‍ വായുവില്‍ നിന്ന്‌ ഭസ്‌മവും വാച്ചും മാലയുമൊക്കെ എടുത്തുകൊടുക്കുന്നതിലെ തട്ടിപ്പുകള്‍ വളരെയധികം വ്യക്തമായി ഇന്നത്തെ മീഡിയകളില്‍ കാണിക്കുന്നുണ്ട്‌. എന്നിട്ടും ഇവരെ ആരാധിക്കാന്‍ ആളുകളുണ്ടല്ലോ. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌.
? വാച്ചാണ്‌ ഏറ്റവും കൂടുതല്‍ കൊടുത്തിരിക്കുന്നത്‌ എന്നു കരുതുന്നു. എല്ലാം സ്വിസ്സ്‌ മേഡ്‌ വാച്ചുകളാണ്‌ ഇങ്ങിനെ വായുവില്‍ നിന്നെടുക്കുന്നത്‌. അന്തരീക്ഷത്തില്‍ നിന്നെടുക്കുന്ന വാച്ചുകള്‍ എങ്ങനെയാണ്‌ സ്വിസ്സ്‌ മേഡ്‌ ആകുന്നത്‌ എന്ന്‌ എനിക്കിതുവരെ മനസ്സിലാകുന്നില്ല.
ആളുകള്‍ നിലനില്‍ക്കണമെങ്കില്‍ പിന്തുണ വേണം. മുമ്പ്‌ പാര്‍ട്ടികളുടെയും സംഘടനകളുടെയും പിന്തുണ ജനങ്ങള്‍ക്കുണ്ടായിരുന്നു. അവയൊക്കെ നഷ്‌ടപ്പെട്ടു എന്നൊരു തോന്നല്‍ ഇപ്പോള്‍ നിലനില്‍ക്കുന്നു. അതാണ്‌ ഇങ്ങനെയൊരു ശൃംഖല പൊട്ടിമുളച്ചുവരാന്‍ കാരണം. പണ്ടൊക്കെ തനിക്ക്‌ എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ എന്റെ കൂടെ ആളുകള്‍ ഉണ്ട്‌ എന്നൊരു വിശ്വാസമുണ്ടായിരുന്നു. പക്ഷേ, ഇന്നത്‌ കുറവാണ്‌. ഈയൊരു ശ്യൂനത നികത്തുന്നത്‌ ഇങ്ങനെയുള്ള ആള്‍ദൈവങ്ങളാണ്‌.
? അന്ധവിശ്വാസം വളര്‍ത്തുന്നതില്‍ വര്‍ഗ്ഗീയ പാര്‍ട്ടികള്‍ക്കും മുതലാളിത്തത്തിനും പങ്കുണ്ടോ.
? മുതലാളിത്തവര്‍ഗ്ഗമാണ്‌ അന്ധവിശ്വാസത്തെ കൂടുതല്‍ വളര്‍ത്തുന്നത്‌. മുതലാളിത്തത്തിനു വേണ്ടത്‌ ഒറ്റപ്പെട്ട മനുഷ്യനെയാണ്‌. മനുഷ്യര്‍ തമ്മിലുള്ള കൂട്ടായ്‌മ അവര്‍ക്ക്‌ ആപത്താണ്‌. കൂടെ ജോലി ചെയ്യുന്ന ഒരാളെ പിരിച്ചുവിട്ടാല്‍ മറ്റുള്ളവര്‍ കൂട്ടായി സമരം ചെയ്‌താല്‍ അത്‌ മുതലാളിത്തത്തിനു ദോഷം ചെയ്യും. അതിനുപകരം കൂടെയുള്ള ഒരാള്‍ പോയാല്‍ ?താന്‍ കൂടുതല്‍ സമയം പണിയെടുത്താല്‍ അയ്യാള്‍ ക്കുള്ള ശമ്പളംകൂടി തനിക്ക്‌ കിട്ടുമല്ലോ? എന്ന ചിന്തയുള്ള ഒറ്റപ്പെട്ട മനുഷ്യരാണെങ്കില്‍ അത്‌ മുതലാളിത്തത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഗുണം ചെയ്യും.
അതുകൊണ്ട്‌ മനുഷ്യരെ ഒറ്റപ്പെടുത്താനുള്ള എല്ലാ വഴികളും അവര്‍ നോക്കും. അതിന്റെ ഒരു ഭാഗമാണ്‌ മദ്യം. മദ്യകൂട്ടായ്‌മകളില്‍ ഒരിക്കലും രാഷ്‌ട്രീയം ചര്‍ച്ച ചെയ്യാറില്ല. ആനന്തോല്‍സവം, ബ്ലെസ്സിങ്ങ്‌ ഫെസ്റ്റ്‌ മുതലായ പരിപാടികളില്‍ സാമൂഹ്യപ്രശ്‌നങ്ങളും രാഷ്‌ട്രീയപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാറില്ല. സ്വയം രക്ഷിക്കുക എന്നുള്ള സന്ദേശമാണ്‌ ഇവ നല്‍കുന്നത്‌.
മതം ലോകത്തിന്റെ നന്മക്ക്‌ വേണ്ടിയാണ്‌, ലോകത്തിന്റെ സമാധാനത്തിനുവേണ്ടിയാണ്‌ എന്നൊക്കെ പറയുമെങ്കിലും സമൂഹത്തെ രക്ഷിക്കാന്‍ ഒരു മതവും ആവശ്യപ്പെടുന്നില്ല. വര്‍ഗ്ഗീയ കൂട്ടായ്‌മ കൂടികൂടി വരുന്നു. രാഷ്‌ട്രീയം കൊണ്ടു ഉപകാരമില്ല എന്നും, സ്വന്തം വര്‍ഗ്ഗീയ കൂട്ടായ്‌മകള്‍കൊണ്ടേ പ്രയോജനം ഉണ്ടാകൂ എന്നും അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. 


അഭിമുഖം നടത്തിയവർ : വ്യാസ് പി എസ്,പ്രത്യുഷ് , കെ പി ജിഷ്ണു


പ്രൊഫ.കെ.പാപ്പുട്ടി
കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ സംസ്ഥാന പ്ര സിഡന്റ്‌, ഇപ്പോള്‍ കേന്ദ്രനിര്‍വ്വാഹകസമിതിയംഗം, ശാസ്‌ത്രകേരളം മാസികയുടെ എഡിറ്റര്‍. ഭൗതിക ശാസ്‌ത്ര അദ്ധ്യാപകനായി വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ജോലിചെയ്യുന്നു. ഇപ്പോള്‍ സര്‍വ്വവിജ്ഞാനകോശം ഡയറക്‌ടറായി പ്രവര്‍ ത്തിക്കുന്നു. നിരവധി ശാസ്‌ത്രഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌.


0 comments:

Post a Comment