സ്ത്രീപഠനം കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു എങ്ങനെ ചിന്തിക്കുന്നു

കേരളം ലോകത്തിന് തന്നെ മാതൃകയായ ഒരു പ്രദേശമാണ്. ഒരു അവികസിത രാജ്യത്തിനകത്ത് നിലനില്‍ക്കെ തന്നെ ജനജീവിതവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക മേഖലകളിലും മികവിന്റെ ഉയര്‍ന്ന സൂചികകള്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്നു എന്നതായിരുന്നു ഈ സവിശേഷത. ഉയര്‍ന്ന സ്ത്രീ പുരുഷ അനുപാതം, വിദ്യാഭ്യാസരംഗത്തെ ഉയര്‍ന്ന പങ്കാളിത്തം, വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ആരോഗ്യസൂചകങ്ങള്‍ - കുറഞ്ഞ ശിശുമരണനിരക്ക്, കുറഞ്ഞ മാതൃമരണനിരക്ക്, കൂടിയ ആയുര്‍ദൈര്‍ഘ്യം. ഇവയെല്ലാം കേരള സ്ത്രീ ജീവിതത്തിന്റെ മികവിന്റെ കൂടി സൂചകങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവ ഏറെ മികച്ച അവസ്ഥയെ പ്രതിനിധാനം ചെയ്യുകയും ചെയ്തു.
ജന്മിത്തത്തിന്റെ മേല്‍ക്കോയ്മയും ജാതിമത അനാചാരങ്ങളും തൂത്തെറിഞ്ഞ് യുക്തിചിന്ത വളര്‍ത്തിയ നവോത്ഥാന - പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇത്തരം മാറ്റങ്ങള്‍ക്ക് ചാലകശക്തിയായി വര്‍ത്തിച്ചു. എന്നാല്‍ പ്രത്യക്ഷത്തിലുള്ള ഈ മാറ്റം സമൂഹത്തിലെ ജനങ്ങളുടെ ചിന്തയും സമീപനവും ഇടപെടലുമെല്ലാം അതിനനുസൃതമായി മാറ്റിത്തീര്‍ക്കേണ്ടതായിരുന്നു. എന്നാല്‍ കേരളത്തിലെ സ്ത്രീജീവിതവുമായി ബന്ധപ്പെടുത്തിയുള്ള പരിശോധനയില്‍ ഇത് സാധ്യമായിട്ടില്ല എന്നാണ് സ്ത്രീ പഠനം ചൂണ്ടിക്കാണിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2004ല്‍ നടത്തിയ കേരളപഠനം കേരളം എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ കണ്ടെത്തലുകളാണ് സ്ത്രീപഠനം നടത്തുന്നതിലേക്ക് നയിച്ചത്. കേരളത്തിലെ വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തെ കൃത്യമായി കേരള പഠനം രേഖപ്പെടുത്തിയിരുന്നു. സ്ത്രീകളുടെ കുറഞ്ഞ തൊഴില്‍പങ്കാളിത്തവും കുറഞ്ഞ കൂലി ലഭിക്കുന്ന തൊഴിലുകളിലെ സ്ത്രീ കേന്ദ്രീകരണവും കേരള പഠനത്തിന്റെ കണ്ടെത്തലുകളില്‍ ശ്രദ്ധേയമായവയാണ്. 6000 കുടുംബങ്ങളില്‍ നടത്തിയ സര്‍വേയിലൂടെ വിവരശേഖരണം നടത്തിയ ഈ പഠനത്തില്‍ സ്ത്രീകളുടെ അഭിപ്രായങ്ങളും അവരുടെ ജീവിതാവസ്ഥകളും സമഗ്രമായി പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭൂരിപക്ഷം കുടുംബങ്ങളിലും കുടുംബനാഥനായ പുരുഷനാണ് അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തിലെ മുഖ്യ വരുമാനക്കാരിയായ സ്ത്രീ, 15 - 30 പ്രായക്കാര്‍, 60 വയസ്സു കഴിഞ്ഞ സ്ത്രീ എന്നീ മൂന്ന് വിഭാഗങ്ങളായാണ് സ്ത്രീപഠനം സര്‍വേയുടെ ഭാഗമായി വിവരങ്ങള്‍ അന്വേഷിച്ചത്. ഇതിനായി പ്രത്യേകം പ്രത്യേകം ചോദ്യാവലികളും തയ്യാറാക്കിയിരുന്നു.
സ്ത്രീപ്രശ്‌നങ്ങളെ വിദ്യാഭ്യാസം, ആരോഗ്യം, നിയമം, മതം - വിശ്വാസം, തൊഴില്‍ - സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിലൂടെ സമീപിച്ചുകൊണ്ടായിരുന്നു ചോദ്യാവലി തയ്യാറാക്കിയിരുന്നത്. കേരള പനത്തിന്റെ സാമ്പിളില്‍ നിന്നും അഞ്ചിലൊന്ന് വീടുകള്‍ സ്ട്രാറ്റിഫൈഡ് സാമ്പിളിംഗ് (േെൃമശേളശലറ മൊുഹശിഴ) രീതിയില്‍ തെരഞ്ഞെടുത്താണ് സര്‍വേ നടത്തിയത്.
പഠനപരിധിയില്‍പ്പെട്ട കുടുംബങ്ങളെ സാമൂഹ്യ സാമ്പത്തിക ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സ്‌കോര്‍ നല്‍കിയുള്ള വിഭജനമായിരുന്നു കേരളപഠനത്തെപ്പോലെ ഈ പഠനത്തിന്റെയും സമീപനം. ഇത് പ്രകാരം സാമ്പത്തിക വിഭാഗം ക (ഋഏക) - പരമദരിദ്രര്‍, ഋഏ കക - ദരിദ്രര്‍, ഋഏ കകക  താഴ്ന്ന ഇടത്തരക്കാര്‍, ഋഏ കഢ  ഉയര്‍ന്ന ഇടത്തരക്കാര്‍ എന്നിങ്ങനെയാണ് വേര്‍തിരിച്ചത്. സ്ത്രീപഠനത്തിലെ ഋഏ ക (13.7%), ഋഏ കക (31.8%), ഋഏ കകക (43.7%), ഋഏ കഢ (10.8%) എന്നിങ്ങനെയാണ്. തൊഴിലിടം, വീട്, പൊതു ഇടം എന്നിങ്ങനെ മൂന്ന് വിഭാഗത്തിലായാണ് പഠനത്തിന്റെ മൊത്തം ഉള്ളടക്കത്തെ വിശകലനവിധേയമാക്കിയത്.
1. തൊഴിലിടം - സ്ത്രീപഠനം അനുസരിച്ച് സ്ത്രീ തൊഴില്‍ പങ്കാളിത്തനിരക്ക് 25.6 ശതമാനമാണ്. (സ്ഥിരം - 9.5%, താല്‍ക്കാലികം - 16.1%). ഇത് 15 മുതല്‍ 59 വയസ്സുവരെയുള്ള സ്ത്രീകളില്‍ എത്ര ശതമാനം പേര്‍ ഏതെങ്കിലും തരത്തിലുള്ള വരുമാനദായകമായ തൊഴില്‍ ചെയ്യുന്നു എന്നതിനെയാണ് കാണിക്കുന്നത്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം സാമ്പത്തികവിഭാഗം 1ല്‍ 5.5 ശതമാനം സ്ഥിരം തൊഴില്‍ എന്നത് ക്രമമായി വര്‍ധിച്ച് ഋഏ കഢ ല്‍ 21.9 ശതമാനത്തിലെത്തുമ്പോള്‍ താല്‍ക്കാലിക തൊഴില്‍ ഇതിന് വിപരീതമായി ഋഏ ക 26.6 ശതമാനത്തില്‍ നിന്നും ക്രമമായി കുറഞ്ഞ് ഋഏ കഢ ല്‍ 5.3 ശതമാനത്തിലേയ്ക്ക് താഴുന്നു എന്നുള്ളതാണ്. കേരളത്തില്‍ ഗ്രാമ (26.2%) നഗര (26.1%) വ്യത്യാസങ്ങളില്ല. അഖിലേന്ത്യാതലത്തില്‍ ഗ്രാമം (39.1%), നഗരം (19.8%) എന്നിങ്ങനെയാണ്. തൊഴിലെടുക്കുന്നവരുടെ മാസവരുമാനവും സാമ്പത്തിക അസമത്വത്തിന്റെ തോത് വ്യക്തമാക്കുന്നുണ്ട്. താഴ്ന്ന സാമ്പത്തിക വിഭാഗ(ഋഏ ക)ത്തില്‍ ഇത് 1347 രൂപയും ഉയര്‍ന്ന സാമ്പത്തികവിഭാഗ (ഋഏ കഢ) ത്തില്‍ ഇത് 10016 രൂപയുമാണ്. സ്ഥിരം തൊഴിലുള്ളവര്‍ക്ക് മാസത്തില്‍ ശരാശരി 6031 രൂപ ലഭിക്കുമ്പോള്‍ താല്‍ക്കാലിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 1819 രൂപ മാത്രമാണ് ലഭിക്കുന്നത്.
2. വീട്ടകം :- വിദ്യാഭ്യാസം ലഭിച്ച സ്ത്രീകള്‍ പോലും വീട്ടമ്മയായിരിക്കാന്‍ നിര്‍ബന്ധിയ്ക്കപ്പെടുന്ന സാമൂഹ്യ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വിവാഹം, ഗര്‍ഭധാരണം, പ്രസവം, ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ എന്നിവ സ്ത്രീകളെ തൊഴിലിലേര്‍പ്പെടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. വീട്ടുജോലികളുടെ 80 ശതമാനവും സ്ത്രീകളാണ് ചെയ്യുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ അധ്വാനത്തിന് തൊഴിലുറപ്പ് പദ്ധതിയുടെ വേതനം (മണിക്കൂറിന് 20 രൂപ) നല്‍കുകയാണെങ്കില്‍ അവരുടെ കമ്പോള വരുമാനത്തിന്റെ തോത് 14.1 ശതമാനത്തില്‍ നിന്നും 36.1 ശതമാനമായി വര്‍ധിക്കുന്നു എന്നും പഠനം കാണിക്കുന്നു. ദരിദ്രവിഭാഗത്തിലെ സ്ത്രീകള്‍ തങ്ങളുടെ കുടുംബത്തിലേയ്ക്ക് നല്‍കുന്ന വരുമാനത്തിന്റെ തോത് കൂടുതലും ഉയര്‍ന്ന വിഭാഗത്തിലുള്ളവരില്‍ ഇത് കുറവുമാണ്. സെക്കണ്ടറി വിദ്യാഭ്യാസം നേടിയവരിലാണ് വീട്ടമാരുടെ തോത് ഏറ്റവും കൂടുതലുള്ളത്. പ്രൈമറി, സെക്കണ്ടറി വിദ്യാഭ്യാസം നേടിയവര്‍ക്ക് അനുയോജ്യമായ തൊഴിലുകളുടെ അഭാവവും ഇതിന് ഒരു കാരണമാണ്.
3. പൊതു ഇടം :- സ്ത്രീകളുടെ ദൃശ്യത വര്‍ധിച്ചിട്ടുണ്ട്. എങ്കിലും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ 12 ശതമാനം മാത്രം. ഇവരില്‍ 16 ശതമാനം പേര്‍ മാത്രം ഭാരവാഹിത്വം വഹിക്കുന്നു. ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയ ''താല്‍പ്പര്യമില്ലായ്മ''യുടെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടണം. പ്രവര്‍ത്തിക്കുന്നവരില്‍ 72 ശതമാനം പേരും സംതൃപ്തരാണ്. 81 ശതമാനം പേര്‍ക്കും പുതിയ കഴിവുകള്‍ ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട് എന്ന് അവര്‍ തന്നെ പറയുന്നു. എന്നാല്‍ സംഘടനാപ്രവര്‍ത്തകരായ സ്ത്രീകളില്‍ 73 ശതമാനം പേര്‍ക്കും ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍, പ്രത്യേകിച്ചും പാചകം അവരുടെ ബാധ്യതയാണ്. ഇത്തരത്തിലുള്ള ഇരട്ട അധ്വാനം അവരെ പൊതു ഇടത്തിലെ ഉത്തരവാദിത്തങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന്റെ പ്രധാന ഘടകമാവാം. നിലനില്‍ക്കുന്ന കുടംബ ഘടന, സമീപനങ്ങള്‍ എല്ലാം മാറേണ്ടതുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഓരോ വ്യക്തിയുടേയും മൗലികാവകാശമാണ് നിര്‍ഭയമായും സ്വതന്ത്രമായും സഞ്ചരിക്കുവാനുള്ള അവകാശം. എന്നാല്‍ സ്ത്രീകള്‍ക്ക് സമൂഹം അനുവദിച്ചു നല്‍കിയരിക്കുന്ന സമയം വൈകുന്നേരം ഏതാണ്ട് ഏഴു മണിയോടുകൂടെ അവസാനിക്കുന്നു എന്ന് പഠനം പറയുന്നു.
കേരളത്തിലെ സ്‌കൂള്‍ പി.ടി.എ യോഗങ്ങളില്‍ സ്ത്രീ പങ്കാളിത്തം വളരെ കൂടുതലാണ്. എന്നാല്‍ ഭാരവാഹികള്‍ 88 ശതമാനവും പുരുഷന്മാരാണ്.
ജാതി - മത - സാമ്പത്തിക വ്യത്യാസങ്ങളില്ലാതെയുള്ള പൊതുവായ അഭിപ്രായ ഐക്യം സ്ത്രീപഠനത്തില്‍ വ്യാപകമായി കാണാന്‍ കഴിയും. സ്‌കൂളില്‍ ലൈംഗിക വിദ്യാഭ്യാസം വേണം, സ്ത്രീകള്‍ക്ക് സംവരണം വേണം, ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും ഒരു നിയമം മതി, പുതിയ പാഠ്യപദ്ധതിയാണ് നല്ലത്. തുടങ്ങിയ ഏകകണ്ഠമായ അഭിപ്രായങ്ങള്‍ ഇതിന് ഉദാഹരണമാണ്.
കുടുംബങ്ങളില്‍ 67.9 ശതമാനവും അണുകുടുംബങ്ങളാണ്. കുടുംബത്തിലെ അധികാരം കൂടുതലും പുരുഷന്മാരിലാണ് (96.4%). പഠനത്തില്‍പ്പെട്ട 17 ശതമാനം കുടുംബങ്ങളില്‍ പുരുഷന്മാര്‍ സ്ഥിരമായി മദ്യപിക്കുന്നവരാണ്. 10 ശതമാനം കുടുംബങ്ങളില്‍ ഗാര്‍ഹിക പീഢനം നടക്കുന്നുണ്ട്. കുടുംബത്തിനുള്ളില്‍ 41 ശതമാനം പേര്‍ക്കും സമൂഹത്തില്‍ 92 ശതമാനം പേര്‍ക്കും സുരക്ഷിതത്വക്കുറവ് അനുഭവപ്പെടുന്നുവെന്നത് പൊതുസമൂഹത്തിന്റെ ഗൗരവമായ ചിന്തയും പരിഹാരവും ആവശ്യപ്പെടുന്ന പ്രശ്‌നങ്ങളാണ്.
യുവതലമുറയില്‍പ്പെട്ട 85 ശതമാനം പേരും അടുത്ത അഞ്ച് വര്‍ഷത്തെ അവരുടെ മുന്‍ഗണന പഠനത്തിനും തൊഴില്‍ നേടുന്നതിനുമാണ് നല്‍കിയത്. കേവലം 10 ശതമാനം പേര്‍ മാത്രമാണ് വിവാഹത്തിന് ആദ്യ പരിഗണന നല്‍കിയത്. 96% യുവതികളും ആര്‍ഭാടവിവാഹത്തെ അനുകൂലിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. പെണ്‍കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കാനുള്ള വ്യഗ്രതയും ആര്‍ഭാടവിവാഹങ്ങളുടെ പേരില്‍ അവരെ ബാധ്യതയായി കാണുന്ന സമീപനവും സമൂഹത്തിന്റെ സൃഷ്ടിയാണെന്നും അത് തിരുത്തേണ്ടത് അത്യാവശ്യമാണെന്നും ഈ പഠനവിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
അറുപത് വയസ്സ് കഴിഞ്ഞ സ്ത്രീകളില്‍ പകുതിയിലധികം പേരും ആശ്രിതരാണ്. ഈ വിഭാഗക്കാരില്‍ 85.2 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരാണ്. ഇവരില്‍ മൂന്നിലൊന്ന് ശതമാനം പേരും ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്നവരാണ്.
സ്ത്രീപഠനത്തിലെ കണ്ടെത്തലുകളെ പരിമിതമായ തോതില്‍ പരിചയപ്പെടുത്തുവാന്‍ മാത്രമേ ഇവിടെ കഴിഞ്ഞിട്ടുള്ളൂ. പഠനത്തിന്റെ കണ്ടെത്തലുകള്‍ സമൂഹത്തില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. വ്യത്യസ്ത തരത്തിലുള്ള അധികാര സ്ഥാപനങ്ങള്‍ അവരുടെ സമീപനം, പ്രവര്‍ത്തനശൈലി എന്നിവ സ്ത്രീപക്ഷത്തു നിന്നുകൊണ്ട് പുതുക്കിയെടുക്കേണ്ടതുണ്ടെന്ന് പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നു. ജനസംഖ്യയില്‍ പകുതിവരുന്ന സ്ത്രീകള്‍ക്ക് അധികാരസ്ഥാനങ്ങളില്‍ അര്‍ഹമായ ഇടം ലഭിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. സ്ത്രീ പ്രശ്‌നത്തിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകള്‍ ശക്തിപ്പെടുത്താന്‍ മുഴുവന്‍ ജനവിഭാഗങ്ങളും പ്രസ്ഥാനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്.


0 comments:

Post a Comment