ലിംഗസമത്വം നൈസര്‍ഗ്ഗീക വിപ്ലവത്തിലൂടെ..

കേരളീയ പൊതു മണ്ഡവത്തിലെ സ്ത്രീകളുടെ അദൃശ്യത മുന്‍കാലങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് 50% വനിതാ സംവരണം, കേരളത്തില്‍ പകുതിയോളം സ്ത്രീകളെ അംഗങ്ങളാക്കി മാറ്റിയ കുടുംബശ്രീയുടെ വ്യാപനം എന്നിവയിലൂടെ കഴിഞ്ഞ ഒന്നര ദശാബ്ദത്തിനുള്ളില്‍ കേരളത്തിലെ പൊതു ഇടങ്ങളിലെ സ്ത്രീ സാന്നിദ്ധ്യത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ചരിത്ര പരമായ അഗവണനയെ മറികടക്കുന്നതിന് ബോധപൂര്‍വ്വമായ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
    എന്നാല്‍ പൊതു മണ്ഡലത്തില്‍ സ്ത്രീകളുടെ ദൃശ്യതയില്‍ ഉണ്ടായ ഈ മാറ്റം സമൂഹത്തിലെ സ്ത്രീകളുടെ പദവിയെ മാറ്റിത്തീര്‍ക്കുന്നതിന് സഹായകമായിട്ടുണ്ടോ എന്നത് സംശയമാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് ഈയ്യിടെ പുറത്തിറക്കിയ സ്ത്രീപദവി പഠനം കാണിക്കുന്നത് വീട്ടമ്മവത്കരണത്തിന്റെ വര്‍ദ്ധിതമായ പ്രവണതയകളാണ്. കേരള സമൂഹത്തിന്റെ സ്ത്രീകളോടുള്ള സമീപനത്തെ നിര്‍ണ്ണയിക്കുന്ന സാമൂഹ്യ സ്ഥാപനങ്ങള്‍, കുടുംബം, മതം, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവ ചരിത്രപരമായി രൂപപ്പെട്ടത് ആണ്‍കോള്‍മയുടെ പ്രകടിത രൂപങ്ങള്‍ എന്ന നിലയില്‍ ആണ്. സമൂഹത്തിന്റെ അധികാര ഘടനയേയും, അതിന്റെ സ്വഭാവത്തേയും നിര്‍ണ്ണയിക്കുന്ന സാമൂഹ്യ സ്ഥാപനങ്ങളെ സ്ത്രീ സൗഹൃദ പരമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കേരള സമൂഹത്തിന്റെ ആണ്‍-പെണ്‍ വിവേചനത്തെ അലിയിച്ചില്ലാതാക്കുന്ന ശ്രമത്തില്‍ വിലങ്ങു തടിയായി വര്‍ത്തിക്കുന്നത്.
    കേരളീയ കുടുംബങ്ങളുടെ ചരിത്ര പരമായ രൂപീകരണ പ്രക്രിയയും, അതില്‍നിന്നുത്ഭവിച്ച സ്ത്രീകളുടെ ഇടവും എല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് എന്നതിനാല്‍ ഇവിടെ അത് വിശകലന വിഷയമാക്കുന്നില്ല. മതങ്ങള്‍ ചരിത്രപരമായിത്തന്നെ സ്ത്രീവിരുദ്ധമാണ് എന്ന് യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നതിനാല്‍ അവയുടെ ചട്ടക്കൂടുകളെ തകര്‍ത്ത് സ്ത്രീകള്‍ സ്വയം സ്വതന്ത്രരാകുന്ന സംഘടിത ഇടപെടലുകള്‍ ആണ് ഇനി ഉണ്ടാകേണ്ടത് എന്നത് നിസ്തര്‍ക്കവുമാണ്. എന്നാല്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും , വര്‍ഗ്ഗ ബഹുജന സംഘടനകളേയും ലൈബ്രറി ശൃംഖലകള്‍-ക്ലബ്ബുകള്‍ എന്നിവ ഉള്‍പ്പെട്ട സാമൂഹ്യ സംഘടനാ രൂപങ്ങളുടേയും വിശകലനങ്ങളിലും, വിപണനങ്ങളിലും അവയെ നാം ഏറെ പുരോഗമനപരം എന്നാണ് വിശേഷിപ്പിക്കാറ്. എന്നാല്‍ സ്ത്രീ സൗഹൃദപരമായ സംഘടനാ സംവിധാനങ്ങളെയും, പ്രസ്ഥാനത്തേയും രൂപപ്പെടുത്തുന്നതില്‍ ഇവര്‍ വഹിച്ച പങ്ക് പ്രതിലോമകരമായിരുന്നു എന്ന യാഥാര്‍ത്ഥ്യം നാം ഇനിയും തിരിച്ചറിയാതിരുന്നു കൂടാ.
    സാമൂഹ്യ വികാസത്തിന്റെ ഘട്ടം എന്ന നിലയില്‍ മുതലാളിത്തം ജന്മിത്തത്തേക്കാള്‍ മെച്ചപ്പെട്ട ഒന്നാണെന്നാണ് നാം ചരിത്രപരമയി വിലയിരുത്തുന്നത്. ഒരു പ്രാക്-മുതലാളിത്ത സ്വഭാവത്തിലേക്ക് പരിവര്‍ത്തിക്കപ്പെട്ട സമൂഹമാണ് കേരളത്തിലേത്. മുതലാളിത്തത്തിന്റെ പരമ്പാരഗത നിര്‍വ്വചന രീതികളിലൂടെയല്ലെങ്കിലും കേരളീയ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പടവുകള്‍ പ്രകടമാണ്. എന്നാല്‍ എന്തുകൊണ്ടാണ് സ്ത്രീപുരുഷ ബന്ധങ്ങളുടെ കാര്യത്തില്‍ മാത്രം ഒരു ജന്മി-കുടിയാന്‍ ബന്ധത്തിന്റെ സ്വഭാവം നാം ഇന്നും നിലനിര്‍ത്തുന്നത് എന്നതിന്റെ കാരണങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്.
    ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് കേരളത്തിലെ കുടുംബ ഘടനയില്‍ കാതലായ മാറ്റം ഉണ്ടാകുന്നത്. വിദ്യാഭ്യാസ ലഭ്യതയും, തൊഴിലും നമ്മെ അണുകുടുംബങ്ങളുടെ വളര്‍ച്ചയിലേക്ക് നയിച്ചു. കുടുംബങ്ങള്‍ ഒരു സാമ്പത്തീക ഘടകം  എന്ന നിലയില്‍ നിലനില്‍ക്കണം എന്നതിനാല്‍ സ്ത്രീകള്‍ പഠിക്കുന്നതിനേയും, തൊഴില്‍ നേടുന്നതിനേയും പഠനത്തിന് അവസരം മുന്‍പെ ലഭിച്ച മധ്യവര്‍ഗ്ഗം പ്രോത്സാഹിപ്പിച്ചു. അങ്ങനെ മറ്റിന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനും, തൊഴില്‍ നേടാനുമുള്ള അവസരങ്ങള്‍ ഉണ്ടായി.
    എന്നാല്‍ ഇതിന് അനുസൃതമായ മാറ്റം കേരളത്തിന്റെ പൊതു പ്രസ്ഥാനങ്ങളില്‍ ഉണ്ടായില്ല. അണുകുടുംബങ്ങള്‍ രൂപപ്പെട്ടതോടെ കുട്ടികളുടെ പരിചരണം, കുടുംബത്തിന്റെ കൈകാര്യ കര്‍ത്തൃത്വം എന്നിവ സ്ത്രീകള്‍ ഏറ്റെടുക്കപ്പെടെണ്ട പ്രത്യേക ജോലികളായി മാറി. സാമൂഹ്യമാറ്റത്തിനുള്ള തീഷ്ണതമായ രാഷ്ട്രീയ പ്രക്രിയ കേരളത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെയും, ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടേയും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടേയും രൂപത്തില്‍ കത്തി നിന്ന കാലമായിരുന്നു അത്. അവയില്‍ സജീവമായി പങ്കെടുത്ത പുരുഷന്‍മാരാകട്ടെ സമൂഹത്തില്‍ തങ്ങള്‍ ചരിത്രപരമായി ആര്‍ജ്ജിച്ച മേധവിത്വത്തെ കുടുംബത്തിന് വേണ്ടി നഷ്ടപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളമോ തങ്ങളുടേത് എളുപ്പത്തില്‍ ലഭ്യമായ ഒരു സംഘത്തെ സ്ത്രീ സമത്വത്തിന്റെ പേരില്‍ കുടുംബ ഉത്തരവാദിത്വങ്ങള്‍ പങ്കിടുന്നതിലേക്ക് തിരിച്ചയക്കാന്‍ അവര്‍ തയ്യാറായിരുന്നില്ലതാനും. മുതലാളിത്തത്തിന്റെ മറ്റു ഘടനകളെ വിപ്ലവകരമായി മാറ്റിത്തീര്‍ക്കുക എന്നത് അവരുടെ ലക്ഷ്യമായി മാറിയപ്പോള്‍ തന്നെ സ്ത്രീകളെ ഉത്തരവാദിത്വം ഏല്‍പിക്കുന്ന കുടുംബ ഘടനയെ മാറ്റി തീര്‍ക്കുക എന്നത് അവരുടെ അജണ്ടയല്ലാതായി മാറി. സമൂഹത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ഘടനയും, സാമൂഹ്യ സംഘടനകളുടെ ഘടനയും പുരുഷ കേന്ദ്രീകൃതമായതോടെ അവയെത്തന്നെ പതുക്കെ മാറ്റിതീര്‍ക്കാന്‍ സഹായമാകമായ കുടുംബ ഘടനയെ തുല്യതയുടെ അടിസ്ഥാനത്തില്‍ പുനിര്‍ നിര്‍വ്വചിക്കുക എന്നത് വിദൂര സ്വപ്നമായി മാറി. പതിയെ പതിയെ പൊതുപ്രവര്‍ത്തകര്‍ എന്നാല്‍ പുരുഷന്മാരാണ് എന്ന ധാരണ ധാരണ സ്വാഭാവികമായി രൂപപ്പെട്ടു.
    ഇതിനാല്‍ തന്നെ പഞ്ചായത്ത് പോലുള്ള ഭരണ ഘടനാപരമായ ഇടങ്ങിളില്‍ സ്ത്രീ സാന്നിദ്ധ്യം ഉണ്ടാകുമ്പോള്‍ തന്നെ അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും, വര്‍ഗ്ഗ ബഹുജന പ്രസ്ഥാനങ്ങളേയും സ്ത്രീ സൗഹൃദ പരമാക്കാന്‍ നമുക്ക് ആയിട്ടില്ല. പൊതുപ്രസ്ഥാനങ്ങളുടെ തീരുമാനമെടുക്കല്‍ വേദികളിലെ സ്ത്രീ പങ്കാളിത്തം യോഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും അവര്‍ക്ക് നല്‍കുന്ന അവസരങ്ങള്‍ അവരെക്കൂടി പരിഗണിച്ച് കൊണ്ട് സംഘടനാ സ്വഭാവത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍, സ്ത്രീകള്‍ നേതൃത്വ സ്ഥാനത്തേക്ക് വരുന്നതിനോടുള്ള സമീപനം എന്നീ കാര്യങ്ങളിലെല്ലാം ഇത് പ്രകടമാണ്. ചരിത്ര പരമായി രൂപപ്പെട്ട ഈ പരിമിതികളെ മറികടന്ന് മുഖ്യ ധാരയില്‍ പുരുഷനോടൊപ്പം പുലര്‍ത്തിക്കാനാകട്ടെ ഇന്നത്തെ കുടുംബാന്തരീക്ഷവും, സാമൂഹ്യന്തരീക്ഷവും സ്ത്രീകളെ അനുവദിക്കുന്നില്ല താനും.
    കേരളത്തില്‍ ഇനി സംഭവിക്കേണ്ടത്  പൊതു പ്രസ്ഥാനങ്ങളെ അവയുടെ ഘടനയിലും പ്രവര്‍ത്തന ശൈലിയിലും സ്ത്രീ സൗഹൃദ പരമാക്കുന്നതിനും, പുരുഷാധികാര ഘടനയെ പൊളിച്ചെഴുതുന്നതിനുമുള്ള ശ്രമങ്ങളാണ്്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വര്‍ഗ്ഗ ബഹുജന സംഘടനകള്‍, ലൈബ്രറി പ്രസ്ഥാനങ്ങള്‍, ക്ലബ്ബുകള്‍ എന്നിവ പോലുള്ള സംഘടനകള്‍, മറ്റു ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ജനകീയ സംഘടനകള്‍ എന്നിവക്കുള്ളില്‍ എല്ലാം ഈ മാറ്റം ഉണ്ടാക്കുന്നതിനുള്ള നിരന്തരമായ ഇടപെടലുകള്‍ ആണ് ഇനി ഉണ്ടാകേണ്ടത്.


0 comments:

Post a Comment