ലീലാവതിയുടെ പെണ്‍മക്കള്‍

ശാസ്ത്രവും സാങ്കേതികവിദ്യകളും പുരുഷന്റെ മേഖലകള്‍ ആയാണ് പരിഗണിച്ചു വരുന്നത്. ഇത്തരം മുന്‍വിധികള്‍ വേറെയും ഉണ്ടായിരുന്നു എന്നു നമുക്കറിയാം. ബുദ്ധിയും സര്‍ക്ഷശേഷിയുമൊന്നും വംശം, ദേശജാതിഭേദങ്ങള്‍ കൊണ്ട് നിര്‍ണ്ണയിക്കപ്പെടുന്നതല്ലെന്നും മെച്ചപ്പെട്ട സാഹചര്യങ്ങളും ആത്മവിശ്വാസവും ലഭ്യമായാല്‍ എല്ലാ ജനവിഭാഗങ്ങളിലും അതു ദൃശ്യമാകുമെന്നും ഇന്നു ലോകം ബോധ്യ പ്പെടുത്തിക്കഴിഞ്ഞു.
    സ്ത്രീയുടേയും പുരുഷന്റെയും കാര്യത്തിലും കാര്യങ്ങള്‍ ഭിന്നമാകേണ്ടതില്ല എന്ന് സാമാന്യ യുക്തിബോധവും നമ്മോടു പറയുന്നു. പക്ഷേ ഇവിടെ മുന്‍വിധികള്‍ക്ക് വല്ലാത്ത ആഴമാണുള്ളത്. വിശ്വാസ ങ്ങളിലൂടെയും ആചാരങ്ങളിലൂടെയും മതധാര്‍മ്മിക ബോധനങ്ങളി ലൂടെയും കുടുംബസമൂഹഘടനയുടെ സവിശേഷതകളിലൂടെയുമെല്ലാം ആഴ്ന്നിറങ്ങിയ, ഓരോ വ്യക്തിയുടേയും ആത്മബോധത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് പുരുഷന്‍ സ്ത്രീയേക്കാള്‍ ബുദ്ധിശക്തിയിലും സര്‍ഗശേഷിയിലും മുന്നിലാണ് എന്ന വിശ്വാസം. ഇതിനു വിപരീതമായ അനുഭവങ്ങളാണ് ഇന്ദിരാഗാന്ധിയും മാര്‍ഗരറ്റ് താച്ചറും, ശാസ്ത്രരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച മേരിഐറീന്‍ ക്യൂറികളും ബാര്‍ബറാ മക്ലിന്റോക്കും ആനി ഹെംപുമെല്ലാം.
    ഏതു വിപരീതസാഹചര്യങ്ങളേയും വെല്ലുവിളിച്ചു മുന്നേറാന്‍ തയ്യാറുള്ള സ്ത്രീകള്‍ ഇന്ന് എല്ലാ രംഗത്തുമുണ്ട്. ശാസ്ത്രരംഗത്ത് അങ്ങനെ മുന്നേറാന്‍ ധൈര്യം കാണിച്ച കുറേയധികം ഇന്ത്യന്‍ സ്ത്രീകളുടെ അനുഭവങ്ങള്‍ സമാഹരിച്ച ഒരു ഗ്രന്ഥമാണ് ലീലാവതിയുടെ പെണ്‍മക്കള്‍. ഭാര്യയും അമ്മയും ഒക്കെ ആയിരിക്കെത്തന്നെ ശാസ്ത്രജ്ഞയും ആകാമെന്നു തെളിയിച്ചവരാണധികവും. മലയാളിയും ഇന്ത്യയിലെ ആദ്യത്തെ വനിതാസസ്യശാസ്ത്രജ്ഞയുമായ ഇ.കെ.ജാനകിയമ്മാള്‍, മദ്രാസിലെ ഭൗതികശാസ്ത്രജ്ഞയും അര്‍ബു ദരോഗിയുമായിരുന്ന ബി.വിജയലക്ഷ്മി, കൊല്‍ക്കത്തയിലെ അസിമ ചാറ്റര്‍ജി തുടങ്ങി 98 ഓളം വനിതാശാസ്ത്രജ്ഞരെ പരിചയപ്പെടു ത്തുകയാണ് ഈ ശാസ്ത്രഗ്രന്ഥം.
    ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് കെ.രമയാണ്. പൊതുവെ ശാസ്ത്രഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ മടിയുള്ള മലയാളികള്‍ക്ക് ഒരു മാതൃകയാണ് ഈ എഴുത്തുകാരി.ഇന്ത്യയിലെ തൊണ്ണൂറ്റെട്ടോളം വനിതാശാസ്ത്രജ്ഞര്‍ അവരുടെ അനുഭവങ്ങള്‍ ആര്‍ജ്ജവത്തോടെ അവതരിപ്പിക്കുന്ന ഈ കൃതി സാമൂഹികമാറ്റങ്ങളെ കുറിച്ചു പഠിക്കാനും ഉള്‍ക്കൊള്ളാനും താല്‍പര്യമുള്ളവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു കൃതിയാണ്.


പ്രസാധനം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വിവര്‍ത്തനം കെ രമ
വില 300 രൂപ


0 comments:

Post a Comment