വാട്‌സപ്പ്തിരക്കുകള്‍ക്കിടയിലെങ്കിലും നഗരം പൊതുവെ ശാന്തമായിരുന്നു. സ്വപ്‌നത്തിലെന്നവണ്ണം ഊറിയചിരികളും വിങ്ങിയ കരച്ചിലുകളും പൊട്ടാതെ നില്‍ക്കുന്ന പരിഹാസങ്ങളും ഒഴുകി ഒഴുകിപ്പോകുന്നു. തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. ചുമരില്‍ പരസ്യങ്ങളും പോസ്റ്ററുകളും ഇല്ലായിരുന്നു. സമരപ്പന്തലുകളില്‍ കാക്കകളും മൈനകളും കലഹിച്ചു. കയ്യിലെ പെട്ടിയില്‍ തുറിച്ചു നോക്കി ചിരിക്കുകയും കരയുകയും കാമിക്കുകയും ചെയ്യുന്നവരെ നോക്കി കടല്‍ പരിഭവിച്ചു. ചുമരില്‍ പരസ്യമില്ല, പോസ്റ്ററില്ല.
'ആര്‍ക്കുമിപ്പോ എന്നെ കാണണ്ട. തിരയില്‍ കളിക്കണ്ട. പെട്ടീം നോക്കിയിരിപ്പല്ലേ... ഏതു സമയോം എന്റെ തണുത്ത കാറ്റുമതി...'
തീരത്ത് ഞണ്ടുകൊത്തുന്ന കാക്കകള്‍ ചിരിച്ചു. 'ഓ... പിന്നേ... എടീ കടലമ്മേ... അവര് പെട്ടീം നോക്കിയിരിക്കുവല്ല, അതില്‍ വിപ്ലവം നടത്തുവാ...'
'ഓ... നടക്കട്ടെ, നടക്കട്ടെ.'
കടല്‍ഞണ്ടു തിന്നു വയര്‍ നിറഞ്ഞ കാക്കകള്‍ നഗരത്തിന്റെ മധ്യത്തെ റെയില്‍വേ സ്‌റ്റേഷനിനടുത്തുള്ള മരത്തിലേക്കു പറന്നു തുടങ്ങി.
''എടീ കാക്കമ്മേ... ഇവന്മാര് ഇരുപത്തിനാല് മണിക്കൂറ് വിപ്ലവം നടത്തീട്ടും നാട്ടില് വല്യ മാറ്റം കാണണില്ലല്ലോ...' കാക്കപ്പന്‍ നീലക്കുയിലിന്റെ കരച്ചിലോര്‍ത്തു. നീലക്കുയില്‍ മുട്ടയിട്ട മരമടക്കം ആ കുന്ന് ലോറിയില്‍ കേറിപ്പോയി. കശാപ്പു ശാലയിലെ എല്ലുതിന്നു വയര്‍നിറഞ്ഞ നായക്കുട്ടികള്‍ കല്ലുവെട്ടു കുഴിയില്‍ വീണു തലച്ചോറു പൊട്ടിച്ചത്തു. പുറത്തു വീണ മണ്ണിനുള്ളില്‍ നിന്ന് ഒരുവിധം രക്ഷപ്പെട്ടൊരു നീര്‍ക്കോലി നഗരത്തിന്റെ ഓടയിലൂടെ നീന്തുന്നുണ്ടായിരുന്നു.
'അറബി നാട്ടില് മൂല്ലപ്പൂ വിപ്ലവമായിരുന്നല്ലോ, നമ്മുടെ ഇന്ത്യയിലും കേരളത്തിലും നടക്ക്ണ വിപ്ലവം ഏതാണാവോ?' കാക്കപ്പന്‍ നെടുവീര്‍പ്പിട്ടു.
'റോസാപ്പൂ വിപ്ലവമായിരിക്കും...'
'ദേ നോക്ക് താഴേക്ക്...'
താഴെ ഒച്ചയും വിളിയും അലറിക്കരച്ചിലും കണ്ടപ്പോള്‍ കാക്ക ദമ്പതികള്‍ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ വെള്ളം പോവാനുള്ള കുഴലിന്റെ വക്കത്തിരുന്നു.
കാര്യം വേറൊന്നുമല്ല, വാട്‌സപ്പ് ചോദിച്ച്, പലതും ചോദിച്ച് ഒരുത്തനും ഒരുത്തിയും ഓടിപ്പോയതാണ്. 'നീ പറഞ്ഞത് ശരിയാ കാക്കമ്മേ... കേരളത്തില് നടക്കണത് റോസാപ്പൂ വിപ്ലവം തന്നെയാ...'
ചീനിമരത്തിലേക്ക് ഇനിയും ദൂരമുണ്ട്്്. ടെറസില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളം കുടിച്ച്്് അവര്‍ യാത്രതുടര്‍ന്നു.

-ലിജിഷ.എ.ടി

0 comments:

Post a Comment