പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍.


മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം കൊള്ളുമ്പോഴും,കാലഹരണപ്പെടെണ്ട അന്ധവിശ്വാസങ്ങളിലും പ്രാകൃതമായ ജീര്‍ണതകളിലും ആഭിചാരപ്പെട്ടുപോവാന്‍ മാത്രം വിധിക്കപ്പെട്ട ഒരു യുവത മറുഭാഗത്ത് സൃഷ്ട്ടിക്കപ്പെടുകയാണ്.സാമൂഹിക പുരോഗനത്തെ ശതാബ്ധങ്ങള്‍ പുറകിലാക്കുന്ന ഇത്തരം ജീര്‍ണതകളെ അതിന്റെ പാട്ടിനു വിട്ടു കൊടുക്കാന്‍ തല്ക്കാലം നമുക്കാവില്ല. ‘മംഗല്‍യാന്‍ ചോവ്വയല്ലേ പൂകിയുള്ളൂ; താരാപഥങ്ങല്‍ക്കപ്പുറത്തുള്ള മറ്റു മാംഗല്യം മുടക്കികളെപറ്റി പണ്ടേ പറഞ്ഞിട്ടുണ്ടത്രേ’.പക്ഷേ ചിതലെടുത്ത,ജീര്‍ണിച്ച ആ വാറോലകളെ നമ്പാന്‍, സാമാന്യ യുക്തിയും ശാസ്ത്ര ബോധവുമുള്ളവര്‍ക്കാര്‍ക്കും സാധിച്ചിട്ടില്ല.
പൂച്ച ഇടത്തോട്ടു ചാടിയാല്‍ വിമാനം റദ്ദു ചെയ്യുന്നിടത്ത്,നിലവിളക്ക് കാറ്റടിച്ചു കെട്ടാല്‍ കല്യാണം മുടങ്ങുന്നിടത്ത്,കൈ കൂപ്പി നാളികേരമുടച്ച്‌ റോക്കെറ്റ്‌ വിക്ഷേപണം നടത്തുന്ന ശാസ്ത്ര()ജ്ഞരുള്ളിടത്ത്, ശാസ്ത്രത്തിന്‍റെയും,യുക്തിയുടേയും വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെയും വിജയത്തിനായി ലക്ഷങ്ങള്‍ മുടക്കി വഴിപാടുകള്‍ നടത്തുന്നിടത്ത്,അന്ധവിശ്വാസങ്ങളെയും,ദുര്‍മന്ത്രവാദത്തെയും സാമാന്യയുക്തിക്ക് വിധേയമാക്കി ചോദ്യം ചെയ്യുന്നതുപോലും എളുപ്പമുള്ള കാര്യമല്ല.വിശ്വാസം വിറ്റ്തിന്നു ജീവിക്കുന്നവരും അവരുടെ കാല്‍ച്ചുവട്ടില്‍ കുമ്പിട്ടു നില്‍ക്കുന്ന ഭരണാധികാരികളും നമ്മുടെ ചോദ്യങ്ങളെ ഭയക്കുന്നുണ്ട്.യുക്തിചിന്തയിലൂന്നിയ ഒരു ജനതയുടെ വരവ് ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നുണ്ട്.ദുര്‍മന്ത്രവാദവും അന്ധവിശ്വാസങ്ങളും നിരോധിക്കാനുള്ള പ്രത്യേക നിയമം നിര്‍മ്മിക്കാന്‍ ശ്രമിച്ച നരേന്ദ്ര ധബോല്‍ക്കര്‍ എന്ന യുക്തിചിന്തകനെ,ചുവന്ന ഗ്രഹത്തിന്‍റെ ഭ്രമണപഥം തൊട്ടവരെന്നു അഭിമാനിക്കുന്ന നമുക്കിടയിലിട്ടുതന്നെയാണ് വെടിവെച്ചു കൊന്നത്.
മംഗള്‍യാനേയും കൊണ്ട് PSLV-XL C25 കുതിച്ചുയര്‍ന്നത് മംഗല്യം മുടക്കിയായ ചെകുത്താന്റെ ലോകത്തിലെക്കല്ല.അപ്രാപ്യമെന്നു കരുതിയിരുന്ന പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യങ്ങളിലേക്ക്‌ വെളിച്ചം വീശിയേക്കാവുന്ന ചൊവ്വയുടെ നിഗൂഡതകളിലേക്കാണ്.മംഗള്‍യാന്‍റെ വിജയത്തിനൊപ്പം ജ്വലിച്ചുയരേണ്ടത് നമ്മുടെ ശാസ്ത്രബോധമാണ്,അല്ലാതെ സങ്കുചിതമായ ദേശീയബോധവും അന്ധവിശ്വാസങ്ങളുമല്ല.

0 comments:

Post a Comment