സൈബര്‍ ലോകം തുറന്നിട്ടുതന്ന പൊതുഇടമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകള്‍. ആധുനിക പൊതു ഇടങ്ങളില്‍ ഒന്ന്. ഒരു സ്ത്രീക്ക് (സ്ത്രീ പ്രശനത്തിലൂന്നിയ ഒരു ലേഖനമായതുകൊണ്ടാണ് സ്ത്രീയെ മാത്രം പരാമര്‍ശിക്കുന്നത്) സദാചാരാക്കാരന്റെയോ മത-മൗലിക വാദികളുടെയോ നോട്ടങ്ങളെ ഒരു ബ്ലോക്ക് കൊണ്ട് ഇടിച്ചു തെറിപ്പിച്ചു മുന്നേറാന്‍ സാധിക്കുന്ന സ്ഥലം. പെണ്‍-ആണ്‍ വേര്‍തിരിവില്ലാതെ സൗഹൃദ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ പറ്റുന്നിടം. തന്റെ സ്വപ്‌നങ്ങള്‍ ലോകത്തോട് വിളിച്ചുപറയാന്‍ പറ്റുന്നിടം. തന്റെ ആവിഷ്‌കാരങ്ങളെ കെട്ടഴിച്ചുവിടാന്‍ പറ്റുന്നിടം. ഇത്തരത്തിലുള്ള നിരവധി സാധ്യതകളുടെ മാധ്യമമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളിലെ സ്ത്രീകളുടെ അസ്വാതന്ത്ര്യത്തെ വിലക്കുന്ന പൊതുബോധത്തെ സ്ത്രീ പദവി പ്രശ്‌നത്തെ പഠിക്കുമ്പോള്‍ നാം കണ്ടില്ലെന്നു നടിക്കരുത്. സ്ത്രീകള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിലും ഉപയോഗിക്കുന്ന സ്ത്രീകളിലെ സ്വന്തം ഫോട്ടോ ഇടാന്‍ സാധിക്കാത്തതിലേയും അസ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ക്ക് ഫേസ്ബുക്ക്, ഗൂഗിള്‍+, മൈസ്‌പേസ് തുടങ്ങിയ പ്രസിദ്ധ സോഷ്യല്‍ മീഡിയകളില്‍ ഫോട്ടോ ഇടാന്‍ ഇപ്പോഴും പേടിയാണ്. ഒട്ടുമിക്ക സ്ത്രീകളുടെയും പ്രൊഫൈല്‍ ഫോട്ടോ ഒരു പൂവോ, അല്ലങ്കില്‍ ഒരു കൊച്ചുകുട്ടിയോ, അതുമല്ലങ്കില്‍ തന്റെ പുറം തിരിഞ്ഞു നില്‍കുന്നതോ മുഖം പാതി മറച്ചതോ ആയിരിക്കും. ഢശൃൗേമഹശ്വലൃ െകിറശമ-യുടെ 2013 ഓഗസ്റ്റ് മാസത്തിലെ കണക്കു പ്രകാരം വനിതാ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ 78%-വും സ്വന്തം ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആക്കാത്തവരാണ്. ‘ഫോട്ടോ പ്രദര്‍ശിപ്പിച്ചാല്‍ ചിലരത് ദുരുപയോഗം ചെയ്യും. അതായത്, ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നയായിട്ടുള്ള ഫോട്ടോ ഉണ്ടാക്കി വിലപേശുകയോ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയോ ചെയ്യു’മെന്നാണ് പല സ്ത്രീകളും കാരണമായി പറയുന്നത്. അങ്ങനെ സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട്, സോഷ്യല്‍ മീഡിയ ഉപയോഗിക്കാതിരിക്കാം. ഉപയോഗിക്കല്‍ നിര്‍ബന്ധമാണെങ്കില്‍ ഫോട്ടോ ഇടാതിരിക്കാം. അതായത്, ലൈംഗികാതിക്രമങ്ങള്‍ ഒഴിവാക്കാനായി വീട്ടില്‍ ഒതുങ്ങി ജീവിക്കാം. ഇനി പുറത്തിറങ്ങല്‍ നിര്‍ബന്ധമാണെങ്കില്‍ പര്‍ദ്ദയിട്ടു നടക്കാം എന്നു പറയുന്നതു പോലെ. ഇന്റര്‍നെറ്റിനെ ഇപ്പോഴും പൊതുസമൂഹം നോക്കിക്കാണുന്ന രീതിയെക്കൂടി ഈ പ്രശ്‌നത്തെ സമീപിക്കുമ്പോള്‍ പരിശോധിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റിന്റേയും മൊബൈല്‍ ഫോണിന്റെയും വ്യാപനത്തോടൊപ്പം തഴച്ചു വളര്‍ന്ന പോര്‍ണോഗ്രാഫി കാരണം ഇന്റര്‍നെറ്റിനെക്കുറിച്ച് സമൂഹത്തിലൊരു മോശം അഭിപ്രായമുണ്ട്. തീര്‍ച്ചയായും ചരിത്രത്തിന്റെ ഘടികാരത്തില്‍ മുമ്പില്ലാത്ത വിധം പോര്‍ണോഗ്രാഫിയുടെ വ്യാപനത്തിന് ഇന്റര്‍നെറ്റും മൊബൈല്‍ ടെക്‌നോളജികളും വഴിയൊരുക്കിയിട്ടുണ്ടാവാം. പക്ഷേ അതിനര്‍ത്ഥം സൈബര്‍ ഇടമാണ് പോര്‍ണോഗ്രാഫിയുടെ കാരണമെന്നല്ല. ഒരു പോര്‍ണ്‍ വീഡിയോയുടെ സൈബറിടത്തിലെ വ്യാപനത്തിന് മുമ്പുള്ള അതിന്റെ ഉല്‍പ്പാദനവും അത്തരമൊരു ഉല്‍പ്പാദനത്തിലേക്ക് നയിക്കുന്ന സാമൂഹിക ഭൗതിക സാഹചര്യങ്ങളെയുമാണ് നാം തിരിച്ചറിയേണ്ടത്. അല്ലാത്ത പക്ഷം ടെക്‌നോളജിയുടെ സാധ്യതകളെ അയക്കുന്ന യാദാസ്ഥിക, അല്‍പത്ത വീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കലായിരിക്കുമത്. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും ഭീഷണികളെപ്പറ്റിയുള്ള ജനപ്രിയ സിനിമകളും (ദൃശ്യം എന്ന സിനിമ ഒടുവിലത്തെ ഉദാഹരണം) മറ്റും ഇത്തരം യാഥാസ്ഥിക ബോധത്തിന്റെ തെളിവുകളാണ്. പറഞ്ഞു വന്നത്, സമൂഹത്തിന്റെ ഈ പൊതുബോധവും സ്ത്രീയെ പൊതുഇടങ്ങളില്‍ നിന്നൊക്കെ വിലക്കുന്ന മത-മൗലിക വാദികളുടെയുമൊക്കെ മനപ്പൂര്‍വ്വവുമായ ചില കരുനീക്കങ്ങളുമാണ് സോഷ്യല്‍ മീഡിയകളിലെ സ്ത്രീയുടെ അസ്വാതന്ത്ര്യത്തിന് കാരണം. ഏതെങ്കിലും തരത്തില്‍ ആരെങ്കിലും ശല്യപ്പെടുത്താനോ ഉപദ്രവിക്കാനോ ശ്രമിച്ചാല്‍ തീര്‍ച്ചയായും കുറ്റവാളികളെ പിടിക്കാന്‍ സാധിക്കും സൈബര്‍ ഇടത്തില്‍. ഈ യാഥാര്‍ത്ഥ്യത്തെ അധികനാള്‍ മറച്ചുവെക്കാന്‍ സമ്മതിക്കരുത്. സ്വാതന്ത്ര്യത്തിന്റെ പെണ്‍തിര ആഞ്ഞുവീശേണ്ടത് ഇവിടംകൂടിയാണ്.
0 comments:
Post a Comment