പ്രായപൂര്‍ത്തി

തളിരിലകള്‍ പൊഴിച്ചിട്ട മാവിന്‍ ചുവട്ടിലായിരുന്നു എല്ലാവരും. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായ സര്‍വ്വേക്കുവേണ്ടിയാണവരെ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. ആദ്യത്തെ കൂട്ടുകാരിയോട് അഭിപ്രായമാരാഞ്ഞപ്പോള്‍, "മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെക്കുറിച്ച് ആധികാരികമായി ഹിന്ദുവായ ഞാനെന്തുപറയാന്‍...! ചിലപ്പോള്‍ വര്‍ഗ്ഗീയലഹളയുണ്ടായേക്കും..." എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. "പിന്നെ മുസ്ലിം പെണ്‍കുട്ടികള്‍ മറ്റുുള്ള പെണ്‍കുട്ടികളേക്കാള്‍ മുന്‍പേ പ്രായപൂര്‍ത്തിയാവുകയും പക്വമതിയാവുകയും ചെയ്യുന്നുണ്ടോ എന്ന് ദാ ഇവളോട് ചോദിച്ചോളൂ..." എന്നൊരഭിപ്രായം കൂടി കൂട്ടിച്ചേര്‍ത്തു. അടുത്തുനിന്നിരുന്ന തട്ടമിട്ട പെണ്‍കൂട്ടുകാരി അലസഭാവത്തില്‍ ചിരിച്ചുകൊണ്ടു പറഞ്ഞു "ഒരുപാടു പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വി‍ഷയമാണിത്. പക്ഷേ ഈ നിയമം പ്രാബല്യത്തിലെത്തുന്നതോടെ അതിന്റെ ഗുണം അനുഭവിക്കാന്‍ പോകുന്ന ഒരു മുസ്ലിം പെണ്‍കുട്ടിയോടും ആരും ഇതേക്കുറിച്ചാലോചിക്കുന്നത് ഞാന്‍ കണ്ടിട്ടുപോലുമില്ല"

അതുവരെ മിണ്ടാതിരുന്ന, നിക്കാഹ് കഴിഞ്ഞ ചുരുളന്‍ മുടിക്കാരി നിര്‍വികാരിതയോടെ പറഞ്ഞു "ഒരുപക്ഷേ വിവാഹം ചെയ്യാന്‍ പ്രായപൂര്‍ത്തിയായ ഞങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്രത്തിനും സ്വന്തം കാര്യം  തീരുമാനിക്കാനുള്ള പ്രായപൂര്‍ത്തിയായിട്ടുണ്ടാവില്ലല്ലേ...." അഭിപ്രായം ഒരു ചോദ്യത്തില്‍ നിര്‍ത്തി അവള്‍ കൂട്ടൂകാരിയോടൊപ്പം നടന്നു നീങ്ങി. ഒരൊറ്റ ചോദ്യത്തിന്റെ നൂറു ഉപചോദ്യങ്ങളുടെ ഭാരവും പേറി, ഇനിയെന്ത് സര്‍വ്വേ എന്നാലോചിച്ചുകൊണ്ട് ഞാന്‍ നില്‍ക്കവേ, മാവില്‍ നിന്നും വീണ്ടും വീണ്ടും തളിരിലകള്‍ പൊഴിഞ്ഞുകൊണ്ടിരുന്നു..

   - ഷെമിന്‍

1 comments:

ഷെമിന്റെ എഴുത്ത് നന്നായിട്ടുണ്ട് .1980 കളിലെ പരിഷത്ത് കലജാഥയിലെ കുഞ്ഞപ്പ പട്ടാനൂർ എഴുതിയ ഒരു സംഗീത ശില്പം ഉണ്ടായിരുന്നു...നാദിറ പറയുന്നു

"കിനാവിന്‍ കണ്ണും കാതും കൊട്ടിയടച്ച്, കരളിന്റെ കിളിവാതില്‍ കൊട്ടിയടച്ച്, കാത്തുകിടക്കാന്‍ ഇനിയും ഞങ്ങള്‍ക്കാവില്ലെന്ന് പറയുന്ന" പുതിയ കുഞ്ഞിപ്പാത്തുമ്മ മാരും സുഹറമാരും അരങ്ങിലേക്ക് വരട്ടെ...ഞങ്ങടെ ജീവിതം ഞങ്ങൾ തീരുമാനിക്കും എന്ന് പ്രഖ്യാപിക്കട്ടെ..



ഹലീമബീവിയടക്കം ഓർത്തെടുക്കുന്നതിലൂടെ നവോത്ഥാനത്തിന്റെ പുനർവായന സാധ്യമാക്കണം..താടി തലേക്കെട്ടുകാരോ കാലഹരണപ്പെട്ട വേദപുസ്തകങ്ങളോ അല്ല തങ്ങളുടെ ജീവിതം നിർണയിക്കേണ്ടത് എന്ന പ്രഖ്യാപനം.

യുവസമിതി മലപ്പുറം ജില്ലയിൽ "നാദിറ പറയുന്നു" സംഗീതനാടക യാത്ര നടത്തുന്നു എന്ന് കേട്ടു
യുവസമിതിയുടെ ഇടപെടലുകൾ ഏറെ പ്രതീക്ഷ നല്കുന്നു അഭിനന്ദനങ്ങൾ

Post a Comment