കലികാല വൈഭവം




'രാമാ, വരുന്നുണ്ടത്രെ ഒരു വിദ്വാന്‍. ധൂമന്‍, ധൂമകേതു. കലികാല വൈഭവം. ഒക്കെ തീരാന്‍ പോവ്വാണ്. ശിവ.. ശിവ.'

'തിരുമേനീ, ഇതൊന്നും ഇന്നാരും വിശ്വസിക്കില്ല. ആ യുവസമിതിക്കാരുടെ വക ഒരു ക്ലാസ്സുണ്ടായിരുന്നില്ലെ, അങ്ങും ഉണ്ടായിരുന്നല്ലൊ.'

'ഉണ്ടായിരുന്നു. ഒരു താടിക്കാരന്‍, വേന്ദ്രന്‍, എന്തൊക്കെയാ തട്ടിവിട്ടത്. ഒക്കെ അന്ധവിശ്വാസാത്രെ. എനിക്കങ്ങട്ട് ചൊറിഞ്ഞു വന്നതാണ്. ക്ഷമിച്ചു, അത്രതന്നെ.'

'ന്നാലേ തിരുമേനി, വായിച്ചപ്പോഴല്ലെ കൂടുതല്‍ വ്യക്തമായത്. മകന്റെ പുസ്തകത്തില്‍ ഇതൊക്കെ വിസ്തരിച്ച് എഴുതീട്ടുണ്ട്.'

'താന്‍ എന്താ വായിച്ചേ, കേക്കട്ടെ.'

'ധൂമകേതു എന്നുവച്ചാല്‍ ഐസും പൊടിപടലങ്ങളും ചേര്‍ന്ന് ഒരു സാധനം. ഗ്രഹങ്ങളുടെ അതിര്‍ത്തി കഴിഞ്ഞുള്ള ഒരിടത്തു നിന്നാണ് ധൂമകേതു വരുന്നതത്രെ. ഇത്തരത്തില്‍ ലക്ഷക്കണക്കിന് വസ്തുക്കളുണ്ട് അവിടെ. ചിലത് സൂര്യനിലേക്ക് ആകര്‍ഷിക്കപ്പെടും. സൂര്യന്റെ അടുത്തെത്തുമ്പോള്‍ വേഗത കൂടും. ഈ വേഗത കാരണം സൂര്യനില്‍ ഇടിച്ചിറങ്ങാതെ സൂര്യനെ വലം വച്ചു തുടങ്ങും. കൃത്യമായ ഇടവേളകളില്‍ നമ്മെ കാണാന്‍ വരും. ഇതു പോലെ ഒന്നാണത്ര ഐസോണ്‍.'
 
'ഓ.. ഹോ.. അപ്പൊ പ്രദക്ഷിണം എല്ലാ ദിക്കിലും ഉണ്ടല്ലെ.'

'ഉണ്ട്. പലരും പല കാലത്താണെന്ന് മാത്രം. പല കാര്യത്തിനും.'

'അപ്പൊ ദോഷം ഒന്നുംല്യാന്നാണോ?'

'ധൂമകേതുവിനെ കാണുന്നതുകൊണ്ട് ദോഷം ഒന്നും ഇല്ല. മാത്രമല്ല, ഈ അപൂര്‍വ്വ കാഴ്ച അനുഭവിക്കുവാന്‍ കഴിയുക എന്നത് ഒരു ഭാഗ്യമായി കണക്കാക്കുകയും വേണം.'

'ആകാശ ഗോളങ്ങള്‍ കറങ്ങുന്നതനുസരിച്ചാണ് മനുഷ്യന്റെ ജീവിതവും കറങ്ങുന്നത്, രാമ. പലതും ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം ചെയ്യും. ഒന്നു കരുതിക്കോളൂ, നല്ലതാണ്.'

'ഒരു ദോഷവുമില്ല, തിരുമേനി. ഇവയുടെ കറക്കം മനസ്സിലാവാത്ത കാലത്ത് പല അന്ധവിശ്വാസങ്ങളും പ്രചരിച്ചിരുന്നു. ഓരോ കാര്യങ്ങള്‍ മനസ്സിലായി മനസ്സിലായി വരുമ്പോള്‍ ഇത്രേ ഉള്ളൂ എന്ന് കരുതി അറിവ് കൂട്ടാം. അല്ലാതെ അറിയാന്‍ ശ്രമിക്കുകയേ ഇല്ല എന്ന് ശാഠ്യം പിടിച്ച് അന്ധവിശ്വാസിയായി കഴിയാന്‍ തീരുമാനിച്ചാല്‍ ജീവിതം മുന്നോട്ടു പോവില്ല അത്ര തന്നെ. ആകാശ ഗോളങ്ങള്‍ അവയുടെ പാട്ടിന് അങ്ങിനെ കറങ്ങിക്കോട്ടെ.'

'ഈ ധൂമകേതൂന്റെ വരവൊക്കെ ഇത്ര കാണാനും പഠിക്കാനും എന്താപ്പൊ ഉള്ളത്, രാമ.'

'ധൂമകേതുക്കളെക്കുറിച്ചുള്ള പഠനമാണ് തിരുമേനി ഭൂമി ഉരുണ്ടതാണ്, ഭൂമി സൂര്യനെ ചുറ്റുകയാണ്, ഗ്രഹണമെന്നാല്‍ ഒരു താല്‍ക്കാലിക പ്രതിഭാസമാണ് തുടങ്ങി നൂറു കൂട്ടം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കാരണമായത്. ഗ്രഹചലന നിയമം, ഗുരുത്വാകര്‍ഷണ നിയമം, ജഡത്വ നിയമം തുടങ്ങി പ്രപഞ്ചത്തിന്റെ നിയമങ്ങളൊക്കെ മനസ്സിലാക്കുന്നതില്‍ ആകാശ ഗോളങ്ങളുടെ പഠനത്തിന് വന്‍ പ്രാധാന്യമാണുള്ളത് തിരുമേനി. '

'അല്ല, ഈ ധൂമകേതൂനെ എല്ലാര്‍ക്കും കാണാന്‍ പറ്റ്വോ? '

'യുവസമിതിക്കാര് ടെലസ്‌കോപ്പൊക്കെ വച്ചാണ് ധൂമകേതുവിനെ കാണുന്നത്. ഞാനും പോകുന്നുണ്ട് കാണാന്‍.'

'ടൊ, തനിക്ക് പ്രായം ശ്ശിയായില്ല്യെ, അവര് തന്നെ കൂട്ട്വോ. '

'അങ്ങട്ട് കൂടുക തന്നെ. മനസ്സിലാക്കേണ്ടതും പഠിക്കേണ്ടതും നമുക്കല്ലേ തിരുമേനി. '

'രാമാ, ന്നാ ഞാനുംണ്ട്. പുറപ്പെടുക തന്നെ.'

 
       - എ. ശ്രീധരന്‍


1 comments:

ഐ സോണിന്റെ വരവ് കാത്തിരിക്കുന്നു

Post a Comment