സാംസ്കാരികമായ ചെറുത്തു നില്‍പ്പിന്റെ അനിവാര്യത


മാനുഷരെല്ലാരുമൊന്നുപോലെയുള്ള ഓണം പോലും കേരളസമൂഹത്തെ രണ്ടായി പിളര്‍ത്തുന്നുണ്ട്. മാവേലിയെ സ്വീകരിക്കുന്നവരും വാമനനെ ആരാധിക്കുന്നവരും എന്നതാണ് ഈ വിരുദ്ധപക്ഷങ്ങള്‍ഇത് ഒരു മുതലാളിത്ത സമൂഹത്തിലെ അനിവാര്യതയാണ്.കേരളത്തിലാകട്ടെ ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ചുള്ള സവിശേഷത,മുതലാളിത്തത്തിന് എതിരായ ആശയങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടിയിട്ടുണ്ടെന്നതാണ്.അതുപക്ഷേ കൂടുതല്‍ വലിയ ചുമതല സമൂഹത്തെ ഏല്‍പ്പിച്ചുകൊടുക്കുന്നു.അത് സമൂഹത്തോട് കൂടുതല്‍ വേഗത്തില്‍ പുരോഗതിയിലേയ്ക്ക് നീങ്ങാന്‍ ആവശ്യപ്പെടും.പക്ഷേ ഒരു മുതലാളിത്ത സമൂഹത്തിന് അത്രവേഗമൊന്നും ജനപക്ഷത്തേയ്ക്ക് നീങ്ങാനാവില്ല.നേരെ എതിരായ ദിശയില്‍ നീങ്ങാനുള്ള പ്രവണത ശക്തമായിരിക്കുകയും ചെയ്യും.അതായത് സമൂഹം ആഗ്രഹിക്കുന്നതിന് എതിരായ ദിശയിലാണ തിന്റെ സ്വാഭാവിക ചലനം.ഈ വിരുദ്ധശക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മുതലാളിത്തപക്ഷം മേല്‍ക്കോയ്മ നേടുന്നതാണിപ്പോള്‍ കാണുന്നത്.എന്നാല്‍ പ്രതിരോധം ഒരു സംതുലനാവസ്ഥയിലേയ്ക്ക് നീങ്ങാം.അങ്ങനെ വന്നാല്‍ സമൂഹം നിശ്ചലാവസ്ഥയിലേയ്ക്ക് നീങ്ങും. നിശ്ചലാവസ്ഥയില്‍ എല്ലാം മുറപോലെ കാണപ്പെടും.പക്ഷെ മാറ്റങ്ങളൊന്നും ഉണ്ടാവില്ല. കേരളം ഇപ്പോള്‍ നിശ്ചലാവസ്ഥയിലാണ്.വലിയ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്.എഴുത്തുകാര്‍ എഴുതുന്നുമൂണ്ട്. പക്ഷേ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല.മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ സാമ്പത്തികമായ അഴിമതികള്‍,സാംസ്കാരികമായ ച്യുതികള്‍,സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍,കാര്യക്ഷമതയില്ലാത്ത ഭരണകൂടം, അര്‍ത്ഥമില്ലാത്ത ജനാധിപത്യംജനങ്ങളുടെ പ്രതികരണശേഷിയെ വരിയുടയ്ക്കുന്ന ആള്‍ദൈവങ്ങള്‍, സമൂഹത്തിന്റെ നെടുകെയുള്ള പിളര്‍പ്പായ വര്‍ഗ്ഗവൈരുദ്ധ്യത്തെ അപ്രസക്തമാക്കുംവിധം നെടുകയും കുറുകെയും അനേകം പിളര്‍പ്പുകള്‍ സൃഷ്ടിച്ചുകൊണ്ട് ജാതിമതസമുദായ ഭിന്നിപ്പുകളുടെ വ്യാപ്തി എന്നിവയെല്ലാം ചേര്‍ന്ന് കേരളത്തെ പിന്നോട്ട് നയിക്കുന്നത് നാം കാണുന്നു. ഇവയ്ക്കെല്ലാമെതിരായ നിരവധി പ്രക്ഷോഭങ്ങള്‍ നടക്കു ന്നുണ്ട്.പക്ഷേ സമരങ്ങള്‍ക്കാധാരമായ പ്രശ്നങ്ങള്‍ പ്രശ്നങ്ങളായിത്തന്നെ തുടരുന്നു.

ഇവിടെ മറ്റൊരു ചോദ്യമാണ് ഉന്നയിക്കാനുള്ളത്എന്തുകൊണ്ടാണ് കേരളത്തിന്റെ ഉദ്യോഗസ്ഥമേധാവിത്തം ഒട്ടും കാര്യക്ഷമത കാണിക്കാത്തത്രാഷ്ട്രീയ നേതൃത്വം അഴിമതി നിറഞ്ഞതാകുന്നത്? ജീവിത ശൈലി പരിസ്ഥിതിവിരുദ്ധമാകുന്നത്എന്തുകൊണ്ട് ഒരു ജനങ്ങളിലൊരു വിഭാഗം പോലും നാടിനോട് ആത്മാര്‍ത്ഥത കാണിക്കാത്തത്അവരവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനപ്പുറത്ത് ആരും ഒന്നിലും ശ്രദ്ധിക്കാത്തതെന്തുകൊണ്ടാണ്? ഈ ചോദ്യത്തിന്റെ ഒരുത്തരം ഇങ്ങനെയാണ്.ഒരാള്‍ക്ക് പൊതുസമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ചോദന അയാള്‍ ജീവിക്കുന്ന സമൂഹത്തോടുള്ള വൈകാരികമായ അടുപ്പം മാത്രമാണ്. വൈകാരികമായ അടുപ്പമെന്നത് ഒരു സമൂഹത്തിലെ അംഗങ്ങള്‍ തമ്മില്‍ ഒരു പൊതു സ്വത്വബോധം പങ്ക് വയ്ക്കുമ്പോള്‍ മാത്രം ഉണ്ടാകുന്നതാണ്.ഈ പൊതു സ്വത്വബോധത്തിന് പല പ്രകടിതരൂപങ്ങളുണ്ട്. ഭാഷ,വേഷം,ഭക്ഷണശൈലി, കുടുംബബന്ധങ്ങളുടെ സ്വഭാവം,വാസ്തുവിദ്യാ ശൈലി,ആഘോഷങ്ങള്‍,സാഹിത്യ രൂപങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രകടിത രൂപങ്ങളാണ്. ഇവയൊക്കെ സാംസ്കാരിക രൂപങ്ങളാണ്.ഇവയ്ക്കൊന്നിനും ഇന്ന് കേരളീയപൊതുസമൂഹത്തിന്റെ പ്രാതിനിധ്യം അവകശപ്പെടാനാവില്ല.മലയാളഭാഷ എല്ലാ കേരളീയരേയും ഒന്നിപ്പിക്കുന്നില്ല,വേഷം എല്ലാവര്‍ക്കും ഒരുപോലെയല്ല, മേല്‍പ്പറഞ്ഞ സാംസ്കാരികരൂപങ്ങളൊന്നും ഇന്ന് കേരളത്തിന്റെ പൊതുവായതാകുന്നില്ലഇവയൊക്കെ എല്ലാക്കാലത്തും ഒരു മാറ്റവുമില്ലാതെ തുടരണമെന്നല്ല ഇവിടെ വിവക്ഷിക്കുന്നത്.പക്ഷേ ഒരു സമൂഹത്തിന് പൊതുവായി ഇത്തരം സാംസ്കാരികഘടകങ്ങളില്ലാതെ മുന്നോട്ടു പോകാനാവില്ല.കാര്യമിതാണ്,ഫ്യൂഡല്‍കാലത്തെ കേരളസംസ്കാരം പോയി,മുതലാളിത്ത കാലത്തെ കേരള സംസ്കാരം രൂപപ്പെട്ടില്ല.കേരള സംസ്കാരമെന്നൊന്ന് ഇപ്പോള്‍ നിലവിലില്ല എന്നര്‍ത്ഥം.സാംസ്കാരികമായി ഒന്നിക്കാതെ ഒരു സമൂഹത്തിന് എങ്ങനെയാണ് ഒന്നിച്ച് പ്രവര്‍ത്തിക്കാനാവുന്നത്?അത് സാധ്യമല്ല തന്നെ.
പറഞ്ഞ് വരുന്നത് ഇതാണ്,നാളത്തെ കേരളത്തെ രൂപപ്പെടുത്തുന്നതിന് ഒന്നാമതായി വേണ്ടത് സാംസ്കാരികമായ ചെറുത്തുനില്‍പ്പുകളാണ്.ഭാഷയില്‍,വേഷത്തില്‍,വാസ്തുവിദ്യയില്‍, ഒക്കെ ഇത്തരമൊരു സ്വത്വബോധം പ്രകടിപ്പിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കാനാവുമോ? അതിനാദ്യം വേണ്ടത് നിലവിലുള്ള സാംസ്കാരികരൂപങ്ങളെ വിമര്‍ശനബുദ്ധിയോടെ പരിശോധിക്കുകയാണ്.പുതുതലമുറസിനിമകള ടക്കമുള്ള കലാരൂപങ്ങള്‍ എന്തു സന്ദേശമാണ് നമുക്ക് തരുന്നത്, ലോവെയ്സ്റ്റ് ജീന്‍സ് എങ്ങനെയാണ് ഒരു ഫാഷന്‍ ആയി വളരുന്നത്ഭാഷയില്‍ പുതിയ പദങ്ങളും ശൈലികളും ഉണ്ടാകുന്നതെങ്ങനെ, ആള്‍ദൈവങ്ങള്‍ എന്തുകൊണ്ട് വളരുന്നു,യഥാര്‍ത്ഥത്തില്‍ ഏതെങ്കിലുമൊരു ദൈവമുണ്ടോ ഇങ്ങനെ പലതരം ചോദ്യങ്ങള്‍ പൊതുസമൂഹത്തോട് ചോദിക്കേണ്ടതുണ്ട്.

ഇത് നിലവിലുള്ള അധികാര രൂപങ്ങളോടുള്ള നിഷേധമായി മാറുമെന്നതില്‍ സംശയമില്ല. പഴയകാലത്തുണ്ടായ നിഷേധങ്ങളാണ് അക്കാലത്ത് സമൂഹത്തെ പുരോഗതിയിലേയ്ക്ക് നയിച്ചത്. അന്നത്തെ നിഷേധങ്ങളെ ഇന്ന് പലരും നിഷേധിക്കുന്നുണ്ട്. നിഷേധത്തിന്റെ നിഷേധം യാഥാസ്തികതയിലേയ്ക്ക് നയിക്കുന്ന ഒരവസ്ഥയുണ്ട് കേരളത്തില്‍.നിഷേധവും നിഷേധത്തിന്റെ നിഷേധവും ചേര്‍ന്ന് പുതിയൊരു ആശയം രൂപപ്പെടുന്നില്ല.അതിനുള്ള സാമൂഹ്യ പക്വതയില്‍ കേരളം എത്തിയിട്ടില്ല. അങ്ങനെ നിഷേധവും അതിന്റെ നിഷേധവും ചേര്‍ന്ന് കേരളത്തെ പുറകോട്ട് ആനയിക്കുന്നു. ഈ എഴുന്നള്ളിപ്പിനെ മുഖാമുഖം നേരിടുകയാണ് ഇന്നത്തെ കടമ.   

    - ജോജി കൂട്ടുമ്മേല്‍

0 comments:

Post a Comment