വികസനം എന്നാലെന്ത്? അത് അർത്ഥമാക്കുന്നതെന്ത്?


         എൽമ് മരങ്ങളിൽ നിന്നു ചത്തുവീണ വസന്തകാല റോബിൻ പക്ഷികളുടെ ആർത്തനാദം ചെവികളെ ഇപ്പോഴും തുളയ്ക്കുന്നുണ്ട്. അതിനിപ്പോൾ എന്മകജെയുടെയും ചീമേനിയുടെയുമൊക്കെ ഭാഷയാണ്. മൂകവസന്തത്തിന്റെ 50 വർഷങ്ങൾ വാചാലമായ ചിന്തകളാൽ മതിക്കുന്നുണ്ട്, മനസുകളെ.

    വികസനം എന്ന വാക്കിന് എമർജിംഗ് എന്നും 'ആണവം' എന്നും പര്യായമുണ്ടാക്കുന്ന വ്യവസ്ഥിതിയോട് അമർഷവും സഹതാപവുമുണ്ട്. കോൺക്രീറ്റ് കെട്ടിടങ്ങൾക്കും നിശാ ക്ലബ്ബുകൾക്കും ഇരട്ടപ്പതകൾക്കുമപ്പുറം ആണവ കിരണങ്ങളുടെ ഭീതിദമായ ഭീഷണികൾക്കുമപ്പുറം

      ഞങ്ങൾ കാണുന്ന വികസനമെന്ന വാക്കിന് തോറിയത്തിന്റെയും കോൺക്രീറ്റുകളുടെയും കോടികളുടെയും മണമില്ല. പച്ചയുടെ ചൂരും നീലയുടെ ജീവനും ചോരയുടെ ചൂടുമുള്ള ഞങ്ങളുടെ വികസനം ആദ്യം പൂക്കുന്നത് സെറിബ്രത്തിന്റെ മരതക കാടുകളിലാണ്. അവിടെ വെളിച്ചമുണ്ട്, ശുദ്ധവായുവുണ്ട്, ശുദ്ധമായ പച്ചമണ്ണുണ്ട്.... ഭൂമി മണ്ണിലേക്കിറങ്ങി വരുന്ന ആ വികസന പൂമരങ്ങളാണ് ഞങ്ങളുടെ സ്വപനം. സുസ്ഥിരതയുടെ പൂമരങ്ങൾ.....

'അത്രമേക് തീക്ഷണങ്ങളാം
നാവുകളത്രേ പിന്നെ
മിഠായിപ്പൊതിക്കായി
പണയംവെച്ചൂ നമ്മൾ.
വെറുതെ മധുരിക്കും രാസമാധുര്യത്തിനായ്
പകരം കൊടുത്തതീ
ദിവ്യമാം രസവിദ്യ'

              (പി.പി. രാമചന്ദ്രൻ)

     നമ്മുടെ മാമ്പ്ഴക്കലങ്ങളെ ആരാണ് അന്യർക്ക് തീറെഴുതിക്കൊടുത്തത്? ഋതുഭേദങ്ങളെ പ്രതിഫലിപ്പിച്ച കൊന്നയും നീലക്കുറിഞ്ഞിലും മകരത്തിന്റെ തണുപ്പും ജൂണിലെ മഴകളും ആർക്കാണ് പങ്കിട്ടുനൽകിയത്?

    'എമർജിംഗ് കേരളാ' സാമ്പത്തിക ഭീമന്മാർക്ക് വിലപേശി നൽകിയത് മലയാളത്തിന്റെ അയൽത്തീരങ്ങളിലേ ഉപ്പുരസങ്ങളും വയലിൽ തിളങ്ങിയ അധ്വാനങ്ങളും മാത്രമല്ല. നൂറ്റാണ്ടിന്റെ ചരിത്രമുള്ള പാരമ്പര്യത്തേയാണ്. ഇനിയീമണ്ണിൽ അസമത്വത്തിന്റെ അസ്വാതന്ത്ര്യത്തിന്റെ ആഗോളമരങ്ങൾ വളരും.

   പുലരികളിൽ സൂര്യനേ നോക്കി ചിരിക്കേ ഏഴു വർണ്ണങ്ങളേ പ്രസവിച്ച മഞ്ഞുതുള്ളികൾ ഊഞ്ഞാലാടുന്ന നെൽകതിർ വിളയുന്ന പാടങ്ങൾ ഇനി കോൺക്രീറ്റ് നിലങ്ങളാവും.

     തുമ്പച്ചെടി ചോദിക്കുന്നു ഞാനെങ്ങനെ തലപൊക്കും? മണ്ണിര ആവശ്യപ്പെടുന്നു, ഞാനെവിടെ രാപ്പാർക്കും? ഹേ മാലോകരേ, നമ്മ്ടെ കാൽപ്പാടുകളെ യന്ത്രക്കൈകൾ കോരിയെടുക്കുന്നു.
എങ്ങനെ മിണ്ടാതിരിക്കും നമ്മൾ?

       -അജിത്ത്

1 comments:

puthiya pappyrus evide..........?
waiting for it.........

Post a Comment